താമസ നിയമലംഘകരെ പിടികൂടുന്നതിനായുള്ള കാമ്പയിൻ പ്രചാരണത്തിൽ നിന്ന്
കുവൈത്ത് സിറ്റി: രാജ്യത്ത് താമസ നിയമലംഘകരെ പിടികൂടുന്നതിനായുള്ള കാമ്പയിൻ സജീവമാക്കി ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 394 നിയമ ലംഘകർ പിടിയിലായി. താമസ നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം ആളുകൾക്ക് അഭയമോ ജോലിയോ നൽകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചു.
ജലീബ് അൽ ശുയൂഖ്, മെഹ്ബൂല എന്നീ വിദേശി ഭൂരിപക്ഷ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം പൊലീസ് പരിശോധന ശക്തിപ്പെടുത്തി. മെഹ്ബൂലയിൽ നിന്ന് 328 പേരും ജലീബ് അൽ ശുയൂഖിൽ നിന്ന് 66 പേരും അറസ്റ്റിലായി.
ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന്റെയും, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസിന്റെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ സുരക്ഷ പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം വ്യക്തമാക്കി. താമസ നിയമ ലംഘകർക്ക് അഭയം നൽകുന്നതും അവരെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുന്നതും ശിക്ഷാർഹമാണ്.
രാജ്യത്തെ പൗരന്മാരും വിദേശികളായ താമസക്കാരും നിയമനടപടികളുമായി സഹകരിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. താമസനിയമങ്ങൾ പാലിക്കാതിരിക്കുന്നവർ വ്യക്തികളായാലും സ്ഥാപനങ്ങളായാലും നിയമനടപടിക്ക് വിധേയമാക്കും.
നിയമ വിധേയമായല്ലാതെ താമസിക്കുന്നവരെ കണ്ടെത്തിയാൽ തിരിച്ചു വരാൻ കഴിയാത്തവിധം നാടുകടത്തും. ഇത്തരം ആളുകൾക്ക് അഭയമോ ജോലിയോ നൽകുന്ന സ്പോൺസർമാർക്ക് ബ്ലോക്ക് ഏർപ്പെടുത്തും. നടപടി നേരിടുന്ന സ്പോൺസർക്ക് പുതിയ വിസ ലഭിക്കുന്നതിനും മറ്റു സർക്കാർ ഇടപാടുകൾ പൂർത്തിയാക്കുന്നതിനും പ്രയാസമായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.