കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിൽ യാത്രാ തടസ്സങ്ങൾ മൂലം കുവൈത്തിൽ ദുരിതത്തിലായ പ്രവാസികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയർ കുവൈത്ത് പ്രത്യേക ചാർട്ടർ വിമാനം. 250 ലേറെ യാത്രക്കാരുമായി ചൊവ്വാഴ്ച സൗദിയിലെ ദമാമിൽ പുറപ്പെട്ട കുവൈത്ത് എയർവേസ് വിമാനം രാത്രി കൊച്ചിയിലെത്തി. വിസിറ്റ് വിസയിലും മറ്റുമായി കുവൈത്തിലെത്തി, നിലവിലെ സാഹചര്യത്തിൽ മടക്കയാത്ര അനിശ്ചിതത്വത്തിലായവർക്ക് ഈ ചാർട്ടർ വിമാനം തുണയായി.
തിങ്കളാഴ്ച രാത്രി കുവൈത്തിലെ ഖൈറാൻ മാളിൽ സജ്ജീകരിച്ച പ്രത്യേക കേന്ദ്രത്തിൽ വെച്ചാണ് യാത്രക്കാരുടെ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കിയത്. യാത്ര നടപടികൾ സുഗമമാക്കുന്നതിനായി പ്രവാസി വെൽഫെയർ കേന്ദ്ര നേതാക്കളും സന്നദ്ധ സേവനത്തിനായി ടീം വെൽഫെയർ പ്രവർത്തകരും കർമരംഗത്തുണ്ടായിരുന്നു. യാത്രക്കാർക്ക് ലഘുഭക്ഷണപ്പൊതികൾ വിതരണം ചെയ്ത ശേഷമാണ് ഭാരവാഹികൾ അവരെ യാത്രയാക്കിയത്. തിരിച്ചുള്ള ഇതേ വിമാനവും ചാർട്ടർ ചെയ്തിരിക്കുന്നത് പ്രവാസി വെൽഫെയർ കുവൈത്താണ്. മടക്കയാത്രയിലും പ്രവാസികൾക്ക് സംഘടന ആശ്വാസമേകുന്നുണ്ട്. ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങൾക്കായി കുവൈത്തിലേക്ക് തിരികെ വരേണ്ടവരെ നിരവധി പ്രവാസികളെ ഇതേ ചാർട്ടർ വിമാനത്തിൽ കൊച്ചിയിൽനിന്നും കുവൈത്തിൽ എത്തിച്ചു.
വിസ കാലാവധി തീരുന്നവരും ജോലിയിൽ പ്രവേശിക്കാൻ വൈകുന്നവരുമായ നിരവധിയാളുകൾക്ക് ഈ യാത്ര ആശ്വാസമായി വിമാന യാത്രാനിരക്ക് കുത്തനെ ഉയരുകയും പ്രവാസികൾ കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന പശ്ചാത്തലത്തിൽ പോലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ക്രിയാത്മകമായി ഇടപെടാതിരുന്ന പശ്ചാത്തലത്തിലുമാണ് നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് യാത്രാ സൗകര്യം ഒരുക്കിയതെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ഭാരവാഹികൾ പറഞ്ഞു.മുമ്പ് കോവിഡ് പ്രതിസന്ധിയിൽ 165 പ്രവാസികൾക്ക് സൗജന്യ ചാർട്ടർ വിമാനം അയച്ചിരുന്നു പ്രവാസി വെൽഫെയർ കുവൈത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.