ജി.സി.സി ഗെയിംസ് ഉദ്ഘാടനം വർണാഭമായി

കുവൈത്ത് സിറ്റി: കുവൈത്തിൽ പുരോഗമിക്കുന്ന മൂന്നാമത് ജി.സി.സി ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ ദിവസം നടത്തി. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ഉദ്ഘാടനം നിർവഹിച്ചു. കായിക മേഖലക്ക് പ്രോത്സാഹനം നൽകുന്നത് രാജ്യത്തിന്റെ നയമാണെന്നും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെയും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രത്യേക മാർഗനിർദേശം ഇക്കാര്യത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുവൈത്ത് ഒളിമ്പിക് കമ്മിറ്റി ചെയർ പേഴ്സൺ ശൈഖ് ഫഹദ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. കായിക മേഖലക്ക് കുവൈത്ത് വലിയ പ്രാധാന്യം നൽകുന്നതായും ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഇഴയടുപ്പം വർധിപ്പിക്കാൻ ഇത്തരം മേളകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രൗഢമായ കലാപരിപാടികൾ ഉദ്ഘാടന ചടങ്ങിന് മിഴിവേകി. ഉദ്ഘാടന ചടങ്ങ് വൈകിച്ചെങ്കിലും കായിക മത്സരങ്ങൾ മേയ് 11 മുതൽ ആരംഭിച്ചിരുന്നു.

കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ള 1700ലധികം പുരുഷ, വനിത കായിക താരങ്ങളാണ് മാറ്റുരക്കുന്നത്. ഹാൻഡ് ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്സാൽ, നീന്തൽ, അത്‍ലറ്റിക്സ്, കരാട്ടേ, ജൂഡോ, ഫെൻസിങ്, ഷൂട്ടിങ്, ടെന്നിസ്, സൈക്ലിങ്, ഐസ് ഹോക്കി, ടേബിൾ ടെന്നിസ്, പാഡെൽ, ഇലക്ട്രോണിക് സ്പോർട്സ് എന്നിങ്ങനെ 16 ഇനങ്ങളിലാണ് മത്സരം. മേയ് 31ന് സമാപിക്കും.


ജി.സി.സി ഗെയിംസിൽ ആദ്യമായി ഫുട്സാൽ, ബൈസിക്ലിങ്, അത്ലറ്റിക്സ്, ടേബിൾ ടെന്നിസ്, ബാസ്കറ്റ്ബാൾ, ഇലക്ട്രോണിക് ഗെയിംസ് എന്നിവയിൽ വനിതകൾക്കും മത്സരമുണ്ട്. കുവൈത്തിലെയും അറേബ്യയിലെയും മരുഭൂമിയിൽ കാണപ്പെടുന്ന അൽ ഹെസ്നി എന്ന ചുവപ്പുനിറമുള്ള കുറുക്കനാണ് മേളയുടെ ഭാഗ്യചിഹ്നം.

മേള പാതി പിന്നിട്ടപ്പോൾ 22 സ്വർണവും 19 വെള്ളിയും 18 വെങ്കലവുമായി 59 മെഡൽ നേടി ആതിഥേയരായ കുവൈത്താണ് മുന്നിൽ. 17 സ്വർണവും 17 വെള്ളിയും 12 വെങ്കലവുമായി 46 മെഡലുകൾ നേടി ബഹ്റൈൻ രണ്ടാം സ്ഥാനത്തും 12 സ്വർണവും 15 വെള്ളിയും 12 വെങ്കലവുമായി 39 മെഡലുകളോടെ ഖത്തർ മൂന്നാം സ്ഥാനത്തുമുണ്ട്. 11 സ്വർണവും അഞ്ച് വെള്ളിയും 10 വെങ്കലവും നേടിയ ഒമാൻ നാലാമതും എട്ട് സ്വർണവും ഒമ്പത് വെള്ളിയും 19 വെങ്കലവും നേടി സൗദി അഞ്ചാമതുമാണ്.

മെഡൽ എണ്ണത്തിൽ സൗദിയെക്കാൾ പിന്നിലാണെങ്കിലും കൂടുതൽ സ്വർണം നേടിയതിനാലാണ് ഒമാൻ നാലാം സ്ഥാനത്തെത്തിയത്. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും ഒമ്പത് വെങ്കലവും നേടിയ യു.എ.ഇ അവസാന സ്ഥാനത്താണ്.

Tags:    
News Summary - The inauguration of the GCC Games was colorful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.