എട്ടാം ബാച്ച് ഫൈസർ വാക്സിൻ ഞായറാഴ്ച എത്തും
കുവൈത്ത് സിറ്റി: കുവൈത്തിൽ എട്ടാമത് ബാച്ച് ഫൈസർ, ബയോൺടെക് വാക്സിൻ ഞായറാഴ്ച എത്തും. നിലവിൽ എല്ലാ ആഴ്ചയും കുവൈത്തിലേക്ക് ഫൈസർ, ബയോൺടെക് വാക്സിൻ ഷിപ്മെൻറുണ്ട്. കൂടുതൽ ഡോസ് വാക്സിൻ എത്തിയത് രാജ്യത്തെ വാക്സിനേഷൻ ദൗത്യം വേഗത്തിലാക്കിയിട്ടുണ്ട്. നേരത്തെ ഫൈസർ കമ്പനി വാക്സിൻ ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചത് കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിലെ കുത്തിവെപ്പ് ദൗത്യത്തെ മന്ദഗതിയിലാക്കിയിരുന്നു.
ഇപ്പോൾ അവർ ഉൽപാദനം സുഗമമായി നടത്തുന്നു. 15 കുത്തിവെപ്പ് കേന്ദ്രങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ഇറക്കുമതി ചെയ്ത കോവിഡ് വാക്സിൻ ഫൈസർ, ബയോൺടെക് ആണ്. ഫൈസർ വാക്സിൻ മൂലം രാജ്യത്ത് ഇതുവരെ ആർക്കും പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇൗ മാസം അവസാനത്തോടെ അടുത്ത ബാച്ച് ഒാക്സ്ഫഡ്, ആസ്ട്രസെനക വാക്സിനും എത്തുമെന്ന് ആരോഗ്യ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു. വാക്സിൻ ഉപയോഗവും സുരക്ഷ മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിൻ സുരക്ഷ, കാര്യക്ഷമത, ഗുണമേന്മ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നു. എല്ലാവരും വാക്സിൻ എടുക്കാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം സ്വദേശികളോടും വിദേശികളോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.