കുവൈത്ത് സിറ്റി: രാജ്യത്ത് ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് ഓൺലൈൻ വഴി ലഭ്യമാക്കുന്ന സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം. സർക്കാർ സേവനങ്ങൾക്കുള്ള ഏകജാലകമായ സഹൽ ആപ്ലിക്കേഷൻ വഴിയാണ് ലഭ്യമാവുക. രാജ്യത്തിന് പുറത്തുനിന്ന് ആധികാരികത ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ക്യു.ആർ സെക്യൂരിറ്റി കോഡ് സഹിതമാണ് ക്രിമിനൽ സ്റ്റാറ്റസ് ഇഷ്യൂ ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റം ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ ക്രിമിനൽ എവിഡൻസ് വിഭാഗമാണ് വ്യക്തികളുടെ ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് അനുവദിക്കുന്നതിന് സൗകര്യം ഒരുക്കിയത്. ആധികാരികത ഉറപ്പാക്കാൻ പ്രത്യേക ക്യു.ആർ സെക്യൂരിറ്റി കോഡ് സഹിതമാണ് ഓൺലൈൻ വഴി ക്രിമിനൽ സ്റ്റാറ്റസ് ഇഷ്യൂ ചെയ്യുന്നത്. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഇവയുടെ ആധികാരികത പരിശോധിക്കാം.
നാട്ടിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് സമാനമായ രേഖയാണ് ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം വ്യക്തമാക്കി.
ഇ-ഗവേണൻസ് വിപുലപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായുള്ള സേവനം പൗരന്മാരുടെയും താമസക്കാരുടെയും സമയവും പ്രയത്നവും ലാഭിക്കുന്നതിനും ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനും സഹായകമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.