ഷാഹുൽ ബേപ്പൂർ
ഒരുകാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നാക്കംനിന്ന മേഖലയാണ് മലബാർ. എന്നാൽ, ഇന്ന് കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്. ഓരോ വർഷവും ഈ മേഖലയിൽനിന്ന് ഉപരിപഠനത്തിന് അർഹത നേടുന്നവരുടെ എണ്ണം മറ്റു മേഖലകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 10-25 വർഷം മുമ്പുവരെ ഇങ്ങനെ ഒരു അവസ്ഥ അല്ലാതിരുന്നതുകൊണ്ടുതന്നെ ഇവിടങ്ങളിൽ വിഭ്യാഭ്യാസ സ്ഥാപനങ്ങളും ഉപരിപഠനത്തിനുള്ള സീറ്റുകളും വളരെ കുറവുമാണ്. പല വിദ്യാർഥികൾക്കും ഇഷ്ടവിഷയം തെരഞ്ഞെടുത്ത് പഠിക്കാൻ പോലുമുള്ള അവസരങ്ങൾ ഇവിടെ ഇല്ലാതാകുന്നു.
ഇതെല്ലാം കണക്കിലെടുത്ത് മുമ്പ് മലബാർ മേഖലയിൽ കുറച്ച് സീറ്റുകൾ അധികം നൽകിയപ്പോൾ അതിനെ അനാവശ്യ വിവാദമാക്കിയവർ ഇത്തവണത്തെ എസ്.എസ്.എൽ.സി ഫലം പുറത്തുവന്ന സാഹചര്യത്തിൽ കാര്യങ്ങൾ പരിശോധിക്കാൻ മുന്നോട്ടുവരണം എന്നഭ്യർഥിക്കുകയാണ്. ഓരോ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം വരുമ്പോഴും മലബാറിലെ രക്ഷിതാക്കളുടെ ഉള്ളിൽ ആധിയാണ്. മലപ്പുറം ജില്ലയിൽ മാത്രം 30,000ത്തിനുമുകളിൽ സീറ്റുകളുടെ കുറവാണുള്ളത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകൾ എല്ലാം മൊത്തം സീറ്റും ഉപരിപഠന സീറ്റുകളുടെ എണ്ണവും നോക്കിയാൽ മൈനസിലാണ് ഓടുന്നത്. മലബാറിൽനിന്നുള്ള കുട്ടികൾ വിദ്യാഭ്യാസപരമായി വളരെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള സംവിധാനങ്ങൾ ഇവിടങ്ങളിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്.
മലപ്പുറത്തോ കോഴിക്കോടോ ഒരു സ്കൂൾ അനുവദിക്കുകയാണെങ്കിൽ തെക്കുഭാഗത്തെ ജില്ലകളിൽ രണ്ടു സ്കൂളുകൾ അനുവദിച്ച് കൊടുക്കണം എന്ന സ്ഥിരം കലാപരിപാടി നിർത്തി എവിടെയാണോ ആവശ്യം അത് കണ്ടറിഞ്ഞ് പഠനസൗകര്യം ഏർപ്പെടുത്താൻ സാധിക്കണം. അതിൽ മലബാറെന്നോ മധ്യകേരളമെന്നോ തെക്കൻ കേരളമെന്നോ വേർതിരിവ് ഉണ്ടാവാൻ പാടില്ല. വിദ്യാർഥികൾക്ക് അവസരങ്ങൾ ഉണ്ടാവുക എന്നതാണ് പ്രാധാന്യം.
മലബാർ മേഖലയിലെ വിദ്യാർഥികൾ നിരന്തരമായി നേരിടുന്ന ദുരവസ്ഥക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ എത്രയുംപെട്ടെന്ന് മുൻകൈയെടുക്കണം.
ജനസംഖ്യ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ മലപ്പുറം ജില്ല വിഭജിക്കേണ്ടകാലം എന്നേ കഴിഞ്ഞു; എങ്കിൽ മാത്രമേ മറ്റു ജില്ലകളിൽനിന്നുള്ളവർക്ക് ലഭിക്കുന്ന പരിഗണന അവർക്കും ലഭിക്കുകയുള്ളൂ, പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.