ഡോ. ആദിൽ അൽ സെയ്ദ്
കുവൈത്ത് സിറ്റി: ലഹരിക്ക് ഇരയായവരുടെ മോചനത്തിനും സഹായത്തിനുമായി പ്രവർത്തിക്കുന്ന കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അഡിക്ഷൻ ട്രീറ്റ്‌മെന്റ് സെന്റർ ഈ രംഗത്തെ വലിയ ആശ്വാസമാണെന്ന് അധികൃതർ. ഇവിടെ എത്തുന്നവരിൽ വലിയൊരു വിഭാഗത്തെ മോചിപ്പിക്കാൻ കഴിയുന്നു.
ലഹരി ആസക്തി സാമൂഹികവും ധാർമികവും നിയമപരവും ആരോഗ്യപരവുമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സെന്റർ മേധാവി ഡോ. ആദിൽ അൽ സെയ്ദ് പറഞ്ഞു. ഓരോരുത്തരുടെയും ഏറ്റവും അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അതിലൂടെ ലഹരിയിൽനിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.
ഗൾഫ് മേഖലയിൽ സ്ത്രീകൾക്കായി സേവനങ്ങൾ നൽകുന്ന ഒരേയൊരു കേന്ദ്രമാണിതെന്ന് ഡോ. അൽ സെയ്ദ് പറഞ്ഞു. ലഹരി ആസക്തിയെ പരാജയപ്പെടുത്താൻ നിരന്തര പരിശ്രമം ആവശ്യമാണ്. മയക്കുമരുന്നിനെ തോൽപിക്കാൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്രം എപ്പോഴും സഹായം നൽകും. ലഹരിക്കെതിരായ പോരാട്ടം ഒരു നീണ്ട ജീവിത പോരാട്ടമാണ്.
ആസക്തി അനുഭവിക്കുന്നവർക്ക് പ്രാഥമികമായി വൈദ്യസഹായം നൽകുന്നതിന് കേന്ദ്രം ശ്രദ്ധനൽകുന്നു. മയക്കുമരുന്നിനെതിരായ പോരാട്ടം സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.