കുവൈത്ത് സിറ്റി: വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്ന കാര്യത്തിൽ പാർലമെൻറിലെ ധനകാര്യ സമിതിയും നിയമകാര്യ സമിതിയും രണ്ടുതട്ടിൽ. നിയമം നടപ്പാക്കുന്നതിന് ഭരണഘടനാ സാധുതയുണ്ടെന്ന് ധനകാര്യ സമിതി ആവർത്തിക്കുമ്പോൾ അതില്ലെന്നാണ് നിയമകാര്യ സമിതി അഭിപ്രായപ്പെട്ടത്. പ്രാദേശികപത്രത്തിന് നൽകിയ അഭിമുഖത്തിൽ നിയമകാര്യ സമിതി മേധാവി അൽ ഹുമൈദി അൽ സുബൈഇയാണ് ധനകാര്യ സമിതിയുടെ പുതിയ നീക്കത്തിനെതിരെ രംഗത്തുവന്നത്. ജനങ്ങൾക്കിടയിൽ വിവേചനം കൽപിച്ച് ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നത് ഭരണഘടനക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം പ്രാബല്യത്തിലായാൽ അത് ലംഘിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷ സംബന്ധിച്ച് അവ്യക്തതയുണ്ട്. കരടു നിർദേശം പാർലമെൻറിൽ അവതരിപ്പിക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചായിരിക്കണം സർക്കാർ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യേണ്ടതെന്ന് അൽ ഹുമൈദി അൽ സുബൈഇ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുക, തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം എത്തുക തുടങ്ങിയ വിപരീതഫലങ്ങളും റെമിറ്റൻസ് ടാക്സ് നടപ്പാക്കുന്നതിലൂടെ ഉണ്ടാകുമെന്നും നിർദേശത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
വിദേശികൾ നാട്ടിലയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന കരട് നിർദേശത്തിന് പാർലമെൻറിെൻറ ധനകാര്യ സമിതി കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു. ഒരു ദീനാർ മുതൽ 100 ദീനാർ വരെ ഒരു ശതമാനം, 100 മുതൽ 300 വരെ രണ്ടു ശതമാനം, 300 മുതൽ 500 ദീനാർ വരെ മൂന്നു ശതമാനം, 500 ദീനാറിന് മുകളിൽ അഞ്ചു ശതമാനം എന്ന തോതിൽ നികുതി ഏർപ്പെടുത്തണമെന്ന നിർദേശമാണ് ധനകാര്യ സമിതി അംഗീകരിച്ചത്. തീരുമാനം നടപ്പാക്കുന്നതിനോട് രാജ്യത്തെ മണി എക്സ്ചേഞ്ച് യൂനിയനും എതിർപ്പാണ് അറിയിച്ചത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ തകർച്ചയായിരിക്കും ഫലമെന്നാണ് യൂനിയെൻറ വാദം. അതോടൊപ്പം, പണമയക്കുന്നതിന് അനധികൃത മാർഗങ്ങൾ കണ്ടെത്താൻ വിദേശികളെ േപ്രരിപ്പിക്കുമെന്നുമാണ് മണിഎക്സ്ചേഞ്ച് യൂനിയൻ അഭിപ്രായപ്പെട്ടത്. എം.പിമാർക്കിടയിൽതന്നെ വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്ന വിഷയത്തിൽ കരടുനിർദേശം പാർലമെൻറിൽ വോട്ടിനിട്ട് പാസാവുകയും മന്ത്രിസഭ തീരുമാനമെടുക്കുകയും ചെയ്താലേ തീർപ്പാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.