കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശം മന്ത്രിസഭ നിരാകരിച്ചു. ഇക്കാര്യം പാർലമെൻറിനെ സർക്കാർ ഔദ്യോഗികമായി അറിയിച്ചതായാണ് ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത്. വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തണമെന്ന നിർദേശത്തിന്മേൽ പാർലമെൻറിലെ നിയമകാര്യ സമിതിക്കും സാമ്പത്തികകാര്യ സമിതിക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്.
നികുതി ഏർപ്പെടുത്തണമെന്ന് സാമ്പത്തികകാര്യ സമിതി വാദിക്കുേമ്പാൾ നിയമകാര്യ സമിതി എതിരാണ്. ഒക്ടോബറിൽ പാർലമെൻറ് സമ്മേളിച്ചാൽ ബിൽ പരിഗണനക്ക് വരും. അതിന് മുന്നോടിയായാണ് സർക്കാർ നിലപാട് അറിയിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിൽ 17ന് പാർലമെൻറ് സമ്മേളിച്ചുവെങ്കിലും സമയക്കുറവ് കാരണം പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. ഫീസ് ഏർപ്പെടുത്തുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികൾ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നും മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി വിലയിരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പരമാവധി ഒരു ശതമാനം മുതൽ അഞ്ചു ശതമാനംവരെ നികുതി ഏർപ്പെടുത്തണമെന്നാണ് ധനകാര്യ സമിതി നിർദേശം മുന്നോട്ടുവെച്ചത്.
വിദേശികൾക്ക് മാത്രം നികുതി ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും സ്വദേശി വിദേശി വിവേചനം ഉണ്ടാക്കുന്നതും ആണെന്നാണ് നിയമകാര്യസമിതിയുടെ വാദം. എന്നാൽ, എണ്ണയിതര വരുമാനമാർഗങ്ങൾ കണ്ടെത്താനായി വിദേശികൾക്ക് റെമിറ്റൻസ് ടാക്സ് നടപ്പാക്കുന്നതിൽ ഭരണഘടനവിരുദ്ധമായി ഒന്നുമില്ലെന്ന നിലപാടിലാണ് സാമ്പത്തികകാര്യ സമിതി. ഇതിനെ വിദേശികൾക്ക് സർക്കാർ നൽകിവരുന്ന സബ്സിഡികൾക്കും സൗജന്യ സേവനങ്ങൾക്കും പകരമായി കണ്ടാൽ മതിയെന്നും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും ധനകാര്യ സമിതി ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.