റമദാൻ മുന്നൊരുക്കം ചർച്ച ചെയ്യാൻ ഔഖാഫ് മന്ത്രാലയം ചേർന്ന യോഗം
കുവൈത്ത് സിറ്റി: കുവൈത്തിൽ റമദാൻ മുന്നൊരുക്കം ചർച്ച ചെയ്യാൻ ഔഖാഫ് മന്ത്രാലയം യോഗംചേർന്നു. പള്ളികളിലെ തറാവീഹ് പ്രാർഥനക്ക് നിയന്ത്രണമുണ്ടാവില്ല. പള്ളികളിൽ തറാവീഹ്, ഖിയാമുല്ലൈൽ പ്രാർഥനകൾ ഉണ്ടാകും.
പ്രാർഥനകളിലും പഠന ക്ലാസുകളിലും കോവിഡിന് മുമ്പത്തേതുപോലെ പൂര്ണതോതില്തന്നെ ആളുകളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. മതകാര്യമന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ ഫരീദ്ന അൽ ഇമാദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കോവിഡ് ഭീതി ഒഴിഞ്ഞ് രാജ്യം സാധാരണജീവിതത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് പള്ളികളിൽ നിയന്ത്രണങ്ങൾ വേണ്ടെന്ന തീരുമാനം.
വിശുദ്ധമാസത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകള്‍ ഏകോപിച്ച് വിവിധ പ്രവർത്തങ്ങൾക്കും യോഗം രൂപം നൽകി. പള്ളികളിലെ പഠന ക്ലാസുകളും പ്രഭാഷണങ്ങളുമെല്ലാം മുമ്പത്തെപോലെ എല്ലാവരേയും പങ്കെടുപ്പിച്ചുതന്നെ നടത്താന്‍ അനുവദിക്കും.
പള്ളികളിലെത്തുന്ന വിശ്വാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനായി ആരോഗ്യമാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെ റമദാൻ മാസത്തെ വരവേല്‍ക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം, പള്ളികളോട് അനുബന്ധിച്ചുള്ള ഇഫ്താർ തമ്പുകൾ, സമൂഹ നോമ്പുതുറകൾ എന്നിവ സംബന്ധിച്ച് യോഗത്തിൽ തീരുമാനമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.