കുവൈത്തിൽ ഞായറാഴ്ച വേനൽകാലം അവസാനിക്കും; ഇനി ശരത്കാല കുളിര്
കുവൈത്ത് സിറ്റി: രാജ്യത്ത് ഇനി ശരത്കാല കുളിര്. കടുത്ത ചൂടിൽ നിന്ന് വിടപറഞ്ഞ് കുവൈത്ത് തണുപ്പുകാലത്തെ പുണരാനൊരുങ്ങുന്നു. ജ്യോതിശാസ്ത്രപരമായി ഈ വർഷത്തെ വേനൽകാലം സെപ്റ്റംബർ 22ന് അവസാനിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. സീസൺ മാറ്റത്തിന്റെ ഭാഗമായി രാജ്യത്ത് പകലിന്റെയും രാത്രിയുടെയും ദൈർഘ്യത്തിൽ മാറ്റം വന്നു തുടങ്ങി. നിലവിൽ പകലിന്റെ നീളം കുറഞ്ഞുവരുകയും രാത്രിയുടെ ദൈർഘ്യം കൂടിവരുകയും ചെയ്യുന്നുണ്ട്. വേനലിൽ നിന്ന് ശരത്കാലത്തേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കം കുറിച്ച് സെപ്റ്റംബർ 27ന് കുവൈത്തിൽ പകലും രാത്രിയും തുല്യസമയമാകും.
'ഓട്ടംനൽ ഇക്വിനോക്സ്' എന്നറിയപ്പെടുന്ന ഈ സമയത്ത് സൂര്യൻ ഭൂമധ്യരേഖക്ക് നേർമുകളിലായി വരും.തുടർന്നുള്ള ദിവസങ്ങളിൽ പകൽ സമയം ക്രമേണ കുറയുകയും രാത്രി ദൈർഘ്യം വർധിക്കുകയും ചെയ്യും. ഭൂമി സൂര്യനെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യരശ്മികളുടെ സ്ഥാനം മാറുന്നതാണ് ഇതിന് കാരണം. കുവൈത്ത് ഉൾപ്പെടെയുള്ള വടക്കൻ അർധഗോളത്തിൽ വേനൽക്കാലത്ത് നിന്ന് ശരത്കാലത്തിലേക്കുള്ള മാറ്റം ഇതോടെ ആരംഭിക്കും.
സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ വാർഷിക ഭ്രമണപഥ സഞ്ചാരമാണ് ഉത്തര-ദക്ഷിണാർദ്ധഗോളങ്ങൾക്കിടയിൽ സൂര്യരശ്മികളുടെ സ്ഥാനം മാറുന്നതായി അനുഭവപ്പെടുന്നതിന് കാരണമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. അതേസമയം, രാജ്യം ഇന്നു മുതൽ ‘അൽ സുഫ്രി' കാലയളവിലേക്ക് പ്രവേശിക്കും. 26 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഘട്ടം താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. മണൽക്കാറ്റും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആകാശം മഞ്ഞകലർന്ന നിറത്തിലായി മാറും. ഈ സമയത്ത് കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടും. രാത്രിയിലും പുലർച്ചെയും ഉയർന്ന ആർദ്രതയും പ്രഭാതസമയങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതും ഇതിന്റെ പ്രത്യേകതകളാണ്. ശൈത്യകാലത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ഘട്ടമാണിത്. നിലവിൽ സീസണൽ ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി ഏതാനും ദിവസങ്ങൾ തീരപ്രദേശങ്ങളിൽ താരതമ്യേന ഈർപ്പമുള്ള ചൂടുകാറ്റ് അനുഭവപ്പെടും.
വെള്ളിയാഴ്ച കടുത്ത ചൂടും ഇടക്കിടെ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും ചിലയിടങ്ങളിൽ ചിതറിക്കിടക്കുന്ന മേഘങ്ങളും അനുഭവപ്പെടും. രാത്രിയിൽ കുറഞ്ഞ താപനില 25-27 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ശനിയാഴ്ച ക മിതമായ കാറ്റും ചിലയിടങ്ങളിൽ ഉയർന്ന മേഘങ്ങളും ഉണ്ടാകും. ഉയർന്ന താപനില 45-47 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. രാത്രിയിൽ കുറഞ്ഞ താപനില 24-26 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.