ഐ.ബി.പി.സി മെറിറ്റോറിയസ് അവാര്‍ഡ് വിതരണ ചടങ്ങ് ഇന്ത്യന്‍ അംബാസഡർ ഡോ. ആദര്‍ശ് സ്വൈക ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്കൂളുകള്‍ക്കും വിദ്യാർഥികള്‍ക്കുമായി ഇന്ത്യന്‍ ബിസിനസ് പ്രഫഷനല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) ഏര്‍പ്പെടുത്തിയ ‘മെറിറ്റോറിയസ്’അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ അംബാസഡർ ഡോ. ആദര്‍ശ് സ്വൈക ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും അക്കാദമിക് പരീക്ഷകളിലെ വിജയമല്ല യഥാർഥ ജീവിതവിജയമെന്നും അദ്ദേഹം പറഞ്ഞു. എംബസിയുമായി സഹകരിച്ച് മുന്നേറാന്‍ പറഞ്ഞ അംബാസഡർ എംബസി ലൈബ്രറി ഉപയോഗിക്കാനും നിർദേശിച്ചു.
ഈ വര്‍ഷം 99 വിദ്യാർഥികളാണ് അവാര്‍ഡിന് അര്‍ഹരായത്. നാലു സ്വർണമെഡല്‍ ജേതാക്കള്‍ക്കും എട്ടു വെള്ളിമെഡല്‍ ജേതാക്കള്‍ക്കും കാഷ് പ്രൈസും നല്കി. കുവൈത്തിലെ ഇന്ത്യന്‍ സി.ബി.എസ്.ഇ സ്കൂളുകളില്‍നിന്ന് പത്താം ക്ലാസിലെ മികച്ച വിജയത്തിനുള്ള ട്രോഫി ഇന്ത്യന്‍ എജുക്കേഷന്‍ സ്കൂള്‍ (ഭവന്‍സ്) കരസ്ഥമാക്കി. 12ാം ക്ലാസിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ കമ്യൂണിറ്റി ട്രോഫി സ്വന്തമാക്കി.
വിദ്യാർഥി രോഹിത് ദേശീയഗാനം ആലപിച്ചു. കോ ഡയറക്ടര്‍ ഡോ. കമലേഷ് വിജയികളെ തിരഞ്ഞെടുത്ത മാനദണ്ഡം വിശദീകരിച്ചു. ഭാരവാഹികളായ കെ.പി. സുരേഷ്, സുനിത് അറോറ, ഡോ. കമലേഷ് എന്നിവര്‍ പങ്കെടുത്തു. ഐ.ബി.പി.സി വൈസ് ചെയര്മാന് കൈസര്‍ ഷാക്കിര്‍ സ്വാഗതവും എക്സിക്യൂട്ടിവ് കമ്മിറ്റി സെക്രട്ടറി സോളി മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.