ഡ്രോണുകൾ, അനുബന്ധ എയർ സ്പോർട്സ് പ്രവർത്തനങ്ങൾ എന്നിവക്ക് നിയന്ത്രണം

കുവൈത്ത് സിറ്റി: ഡ്രോണുകൾ, ലൈറ്റ് സ്പോർട്സ് വിമാനങ്ങൾ, അനുബന്ധ എയർ സ്പോർട്സ് പ്രവർത്തനങ്ങൾ എന്നിവക്ക് രാജ്യത്ത് കർശന നിയന്ത്രണം. സുരക്ഷയും വ്യോമമേഖലയുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമം പ്രാബല്യത്തിൽ വന്നു.

ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെയും മുൻകൂർ അനുമതിയും ലൈസൻസും ഇല്ലാതെ ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും 5,000 ദീനാർ വരെ പിഴയുമാണ് പരമാവധി ശിക്ഷ. പുതിയ ഉത്തരവ് അനുസരിച്ച് കുവൈത്തിലേക്ക് ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നതിനും നിർമിക്കുന്നതിനും അസംബിൾ ചെയ്യുന്നതിനും ഇവ പ്രോഗ്രാം ചെയ്യുന്നതിനും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പ്രത്യേക പെർമിറ്റ് നേടണം.

എല്ലാ ഡ്രോണുകളും രജിസ്റ്റർ ചെയ്യണമെന്നും അവയിൽ വ്യക്തമായ തിരിച്ചറിയൽ രേഖകൾ പതിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. വിമാനത്താവളങ്ങൾ, സൈനിക-സുരക്ഷാ കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ മറ്റ് നിയന്ത്രിത മേഖലകൾ എന്നിവക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്.

സുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിലോ നിയന്ത്രിത മേഖലകളിലോ അനധികൃതമായി പറക്കുന്ന ഡ്രോണുകൾ വെടിവച്ചിടാനും പ്രവർത്തനരഹിതമാക്കാനും സൈനിക-സുരക്ഷാ വിഭാഗങ്ങൾക്ക് പൂർണ അധികാരം നൽകിയിട്ടുണ്ട്.

Tags:    
News Summary - Strict Regulations Imposed on Drones and Air Sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.