കുവൈത്ത് സിറ്റി: ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റത്തിന്റെ കാരണങ്ങൾ അന്വേഷിച്ചു കണ്ടെത്താൻ ഏഴംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയതായി യൂനിയൻ ഓഫ് കോഓപറേറ്റിവ് സൊസൈറ്റി അറിയിച്ചു. വിലക്കയറ്റത്തിന്റെ കാരണങ്ങൾ ഭക്ഷ്യ വിതരണ കമ്പനികളിൽനിന്ന് ആരായുന്നതടക്കമുള്ള കാര്യങ്ങൾ ഇവർ വിലയിരുത്തും.
വിതരണക്കാർ നേരത്തെ യൂനിയന് നൽകിയ, വിലവർധനവിന്റെ കാരണങ്ങളും കമ്മിറ്റി ചർച്ചചെയ്യുമെന്ന് യൂനിയൻ ഓഫ് കോഓപറേറ്റിവ് സൊസൈറ്റീസ് പ്രസിഡന്റ് ബദ്ദ അൽ ദോസരി പറഞ്ഞു. വിലക്കയറ്റം ബാധിക്കുന്നുണ്ടോ എന്നറിയാൻ വാണിജ്യ മന്ത്രാലയം, പബ്ലിക്ക് അതോറിറ്റി ഫോർ അഗ്രികൾചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്, കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി എന്നിവയുമായി അന്വേഷണ സമിതി ചർച്ച നടത്തും. വിഷയത്തിൽ രമ്യമായ പരിഹാരം കാണാൻ കഴിയുന്നില്ലെങ്കിൽ പ്രശ്നം പരിശോധിക്കാൻ മന്ത്രിസഭയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് സിറ്റി: രാജ്യത്ത് കോഴി ഉൽപന്നങ്ങളിൽ മാറ്റമോ വർധനയോ ഉണ്ടായിട്ടില്ലെന്ന് ഫെഡറേഷൻ ഓഫ് പൗൾട്രി കമ്പനി മേധാവി അസറ അൽ ഹുനൈസി അറിയിച്ചു. വാണിജ്യ മന്ത്രാലയവും സഹകരണ സംഘങ്ങളുടെ യൂനിയനും നിശ്ചയിച്ച വിലയുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. തീറ്റയുടെ വില കൂടിയത് കമ്പനികൾക്ക് വൻനഷ്ടം വരുത്തുന്നതിനാൽ മുട്ട വില ഉയരുന്നതുസംബന്ധിച്ച് സഹകരണ യൂനിയനുമായും വാണിജ്യ മന്ത്രാലയവുമായും ചർച്ചകൾ തുടരുകയാണ്. കോവിഡും റഷ്യ-യുക്രെയ്ൻ യുദ്ധവും ചില രാജ്യങ്ങളിൽനിന്നുള്ള തീറ്റ വിതരണ ശൃംഖലയെ ബാധിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം വെല്ലുവിളികൾ അതിജീവിക്കുന്നതിനുള്ള മാർഗം കോഴിവളർത്തൽ കമ്പനികൾക്ക് പിന്തുണ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.