കുവൈത്ത് സിറ്റി: കുവൈത്തിൽ സൂഖ് മുബാറക്കിയയിലെ കച്ചവടക്കാർ വീണ്ടും സമരത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. വാടക വർധനക്കെതിരെ പ്രതിഷേധിച്ച വ്യാപാരികളെ പുറത്താക്കാൻ സൂഖ് നടത്തിപ്പുകാർ ശ്രമിക്കുന്നു എന്നാരോപിച്ചാണ് വ്യാപാരികൾ സമരത്തിന് പദ്ധതിയിടുന്നത്.
റമദാൻ അവസാന നാളുകളിൽ സൂഖിൽ കടയടപ്പ് സമരം നടത്താനാണ് ഷോപ്പുടമകളുടെ പദ്ധതി. കുവൈത്തിലെ പുരാതന മാർക്കറ്റുകളിൽ ഒന്നായ സൂഖ് മുബാറക്കിയയിൽ കഴിഞ്ഞ മാർച്ചിൽ വ്യാപാരികൾ കടയടപ്പ് സമരം നടത്തിയിരുന്നു.
ഷോപ്പ് വാടക ക്രമാതീതമായി വർധിപ്പിച്ചു എന്നാരോപിച്ചായിരുന്നു വ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചത്. വാരാന്ത്യങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടാറുള്ള സൂഖ് നിശ്ചലമായത് ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും അന്ന് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് നേരിട്ട് പ്രശ്നത്തിൽ ഇടപെട്ടതിനെത്തുടർന്ന് സൂഖ് ഭരണസമിതി വാടക വർധിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് താൽക്കാലികമായി പിന്മാറിയിരുന്നു. എന്നാൽ, അധിക വാടകക്കെതിരെ ശബ്ദമുയർത്തിയവരെ നിയമ നടപടിയിലൂടെ ഒതുക്കാൻ സൂഖ് മുബാറക്കിയയുടെ നടത്തിപ്പ് കരാർ ഏറ്റെടുത്ത കമ്പനി ശ്രമിക്കുന്നു എന്നാരോപിച്ചാണ് വ്യാപാരികൾ വീണ്ടും സമരത്തിനൊരുങ്ങുന്നത്.
വാടക ഭീമമായി വർധിപ്പിച്ചുള്ള പുതിയ കരാറിൽ ഒപ്പിടാൻ വിസമ്മതിക്കുന്ന വ്യാപാരികളെ പുറത്താക്കാൻ കമ്പനി ശ്രമിക്കുന്നതായും പരാതിയുണ്ട്. ധനമന്ത്രാലയവും നടത്തിപ്പ് കമ്പനിയും തമ്മിലുള്ള കരാർ റദ്ദാക്കുന്നതിനായി പാർലമെൻറ് ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വിഷയം പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി റമദാനിലെ അവസാനവാരത്തിൽ കടകളടച്ച് പ്രതിഷേധിക്കുമെന്ന് ഒരുകൂട്ടം വ്യാപാരികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.