അബ്ബാസിയ: കേരള അസോസിയേഷൻ കുവൈത്തിെൻറ ആഭിമുഖ്യത്തിൽ അഞ്ചാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള ഡിസംബർ 29 വെള്ളിയാഴ്ച അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കും. ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, ചലച്ചിത്ര സംവിധായകൻ എം.പി. സുകുമാരൻ നായർ, ഛായാഗ്രാഹകൻ കെ.ജി. ജയൻ എന്നിവരാണ് ജൂറി അംഗങ്ങൾ. കുവൈത്തിൽനിന്നും നാട്ടിൽനിന്നുമുള്ള 22 ഹ്രസ്വ ചിത്രങ്ങൾ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. 12 സിനിമകൾ കുവൈത്തിൽനിന്നുള്ളതാണ്. ഇതോടൊപ്പം കുട്ടികളുടെ സിനിമ വിഭാഗത്തിൽ ഒരു ചിത്രവും പ്രദർശിപ്പിക്കും. 2014 ജനുവരി ഒന്നിന് ശേഷം നിർമിച്ച സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാത്ത 20 മിനിറ്റിൽ താഴെയുള്ള സിനിമകളാണ് മത്സരിക്കുക. പ്രവേശനം സൗജന്യമാണ്. തുറന്ന പ്രദർശനം, ഒാപൺ ഫോറം എന്നിവയും ഉണ്ടാവും. ഗ്രാൻഡ് ജൂറി പുരസ്കാരം, മികച്ച പ്രവാസി ചിത്രം, ഒാഡിയൻസ് പോൾ എന്നിങ്ങനെയാണ് അവാർഡുകൾ. ഇതോടൊപ്പം എട്ട് വ്യക്തികത പുരസ്കാരങ്ങളും നൽകും. വ്യക്തികത പുരസ്കാരങ്ങൾ ലഭിക്കുന്നത് കുവൈത്തിന് പുറത്തെ സിനിമകളിൽനിന്നുള്ളതാണെങ്കിൽ ഒാരോ ഇനത്തിലും കുവൈത്തിൽനിന്നുള്ളവർക്കായി പ്രത്യേക പുരസ്കാരം നൽകും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പി.പി. നാരായണൻ ഉദ്ഘാടനം ചെയ്യും. 30 വിദ്യാർഥികളുടെ പെയിൻറിങ് പ്രദർശനവും ഹ്രസ്വ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടക്കും. ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക് ജൂറി അംഗങ്ങളുടെ നേതൃത്വത്തിൽ ടെക്നിക്കൽ വർക്ഷോപ് നടക്കും. അസോസിയേഷൻ പ്രസിഡൻറ് മണിക്കുട്ടൻ എടക്കാട്ട്, സെക്രട്ടറി പ്രവീൺ നന്തിലത്ത്, ട്രഷറർ ശ്രീനിവാസൻ മുനമ്പം, ഫെസ്റ്റിവൽ ഡയറക്റ്റർ വിനോദ് വലൂപ്പറമ്പിൽ, അസോസിയേഷൻ അസിസ്റ്റൻറ് കോഒാഡിനേറ്റർമാരായ ഉബൈദ് പള്ളുരുത്തി, ഉണ്ണി താമരാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.