കുവൈത്ത് സിറ്റി: കുടുംബ സന്ദർശന വിസയിൽ പ്രവാസികൾ കാത്തിരുന്നമാറ്റം നിലവിൽ വന്നു. ഞായറാഴ്ച മുതൽ ‘കുവൈത്ത് വിസ പ്ലാറ്റ്ഫോ’മിൽ ഈ സേവനം ലഭ്യമായി. പുതിയ സിംഗിൾ എൻട്രി അപേക്ഷകളിൽ മൂന്നുമാസത്തെ സന്ദർശന കാലാവധി രേഖപ്പെടുത്തുന്നുണ്ട്.
ഒരു മാസ സന്ദർശനം മൂന്നുമാസം വരെ ദീർഘിപ്പിക്കാവുന്ന നിലയിലാണ് പുതിയ വിസ. ഇതോടെ, സന്ദർശകർക്ക് തുടർച്ചയായി മൂന്നുമാസം വരെ കുവൈത്തിൽ തങ്ങാം. നേരത്തെ ഒരുമാസത്തിനാണ് സന്ദർശന വിസ അനുവദിച്ചിരുന്നത്. മൂന്ന് മാസം മുതൽ ഒരു വർഷം വരെ മൾട്ടിപ്പിൾ എൻട്രി കുടുംബ സന്ദർശന വിസയും ലഭ്യമാണ്. മൾട്ടിപ്പിൾ എൻട്രി വിസയിൽ തുടർച്ചയായി ഒരുമാസമേ തങ്ങാനാകൂ.
ബാക്കി വരുന്ന കാലാവധിക്ക് അധിക നിരക്ക് നൽകണം. അതായത് ഒരു മാസത്തേക്ക് മൂന്നു ദീനാറും ആറു മാസത്തേക്ക് ഒമ്പതു ദീനാറും ഒരു വർഷത്തേക്ക് 15 ദീനാറും നലകണം. സന്ദർശകർക്ക് ആവശ്യമായ ഒപ്ഷൻ തെരഞ്ഞെടുക്കാം.
കുടുംബ സന്ദർശന വിസ അപേക്ഷകർക്കുണ്ടായിരുന്ന വ്യവസ്ഥകളിലും ഇളവ് വരുത്തി. കുറഞ്ഞ ശമ്പള വ്യവസ്ഥ, കുവൈത്ത് ദേശീയ വിമാന കമ്പനികളെ ആശ്രയിക്കണമെന്ന നിർബന്ധം, യൂനിവേഴ്സിറ്റി ബിരുദ യോഗ്യത എന്നിവയിലാണ് ഇളവ്. കുടുംബ സന്ദർശന വിസക്ക് ‘കുവൈത്ത് വിസ പ്ലാറ്റ്ഫോം’വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിച്ച് അഞ്ച് മിനിറ്റിനുള്ളിൽ വിസ ലഭിക്കും.
ദീർഘകാലമായി പ്രവാസികൾ കാത്തിരിക്കുന്ന മാറ്റങ്ങളും ആവശ്യങ്ങളുമാണ് പുതിയ വിസ നിയമത്തിലൂടെ പ്രാവർത്തികമായത്. കുടുംബസന്ദർശന വിസയിൽ എത്തുന്നവർക്ക് തുടർച്ചയായി മൂന്നുമാസം കുവൈത്തിൽ തങ്ങാനാകും എന്നത് കുടുംബങ്ങൾക്ക് ആഹ്ലാദം പകരുന്നതാണ്.
കുവൈത്ത് ദേശീയ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടതിെല്ലന്നതും ആശ്വാസമാണ്. നേരത്തെ കുവൈത്ത് എയർവേസ്, ജസീറ എയർവേസ്സ് എന്നീ വിമാനങ്ങളിൽ മാത്രമേ വരാൻ അനുമതിയുണ്ടായിരുന്നുള്ളൂ. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഇവ സർവീസ് നടത്താത്തതിനാൽ ഈ വിമാനത്താവളങ്ങളെ ആശ്രയിച്ചിരുന്നവർ പ്രയാസപ്പെട്ടിരുന്നു.
ഇതിനൊപ്പം അപേക്ഷകന് വേണ്ട കുറഞ്ഞ പ്രതിമാസ ശമ്പളപരിധി ഒഴിവാക്കിയതും പ്രവാസികൾക്ക് ആശ്വാസമാണ്. വിസ ലഭിക്കാൻ അപേക്ഷകന് യൂനിവേഴ്സിറ്റി ബിരുദം അനിവാര്യമാണെന്നത് നേരത്തെ ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.