കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാജ്യത്തുടനീളം ചിതറിയ മഴയും പൊടിക്കാറ്റും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ കാർഷിക, മരുഭൂമി മേഖലകളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച രാവിലെ മുതൽ താരതമ്യേന ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പിണ്ഡത്തോടൊപ്പം താഴ്ന്ന മർദ സംവിധാനത്തിന്റെ വികാസം രാജ്യത്തെ ബാധിക്കും. ഇത് ചിതറിക്കിടക്കുന്ന മഴയും സജീവമായ തെക്കുകിഴക്കൻ കാറ്റിനും ഇടയാക്കും. കാറ്റ് പൊടിപടലങ്ങൾ സൃഷ്ടിക്കാം.
ചൊവ്വാഴ്ച രാത്രിയിൽ തണുത്തതും വരണ്ടതുമായ വായു പിണ്ഡവും നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും സജീവമാകും. മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ഇടക്കിടെ കാറ്റ് സജീവമാകും. കടൽ തിരമാലകൾ ആറടിയിൽ കൂടുതൽ ഉയരും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കാർഷിക, മരുഭൂമി മേഖലകളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. ചിലയിടങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു. പകൽ സമയത്ത് പൊതുവെ നേരിയതോ തണുത്തതോ ആയ കാലാവസ്ഥയും രാത്രിയിൽ തണുപ്പ് കൂടിയ കാലാവസ്ഥയുമാകും.
അതിനിടെ, ബുധനാഴ്ച മുതൽ കൊടും തണുപ്പിന്റെ ഘട്ടമായ ‘ഷബാത്ത്’ സീസണ് ആരംഭമാകും. വർഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന ഘട്ടമാണിത്.
ഈ മാസം 24 മുതൽ എട്ട് രാത്രികൾ നീണ്ടുനിൽക്കുന്ന കൊടും തണുപ്പിന്റെ ദിനങ്ങളായ ‘അൽ-അസിറാഖ്’ എന്നറിയപ്പെടുന്ന ഘട്ടത്തിലേക്ക് പ്രവേശിക്കും. നിലവിൽ രാജ്യത്ത് പകലും, രാത്രിയും ശക്തമായ തണുപ്പ് അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.