കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ തോക്കുചൂണ്ടി കവർച്ച നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു. സിറിയൻ പ്രവാസികളാണ് അറസ്റ്റിലായത്. ഒരാളെ ജലീബ് അൽ ഷുയൂഖിൽ നിന്നും മറ്റൊരാളെ ഹവല്ലിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.
നിരീക്ഷണ കാമറ ദൃശ്യങ്ങൾ, ഫോറൻസിക് തെളിവുകൾ എന്നിവയുടെ അടിസഥാനത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് പ്രതികൾ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ജീവനക്കാരനെ കെട്ടിയിട്ട് മോഷണം നടത്തിയത്. സ്ത്രീ വേഷത്തിൽ മുഖം മറച്ചു എത്തിയ ഒരാളും മുഖംമൂടി ധരിച്ച് എത്തിയ മറ്റൊരാളും
കവർച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. സ്വർണ ചെയിനുകളും വളകളും മറ്റ് ആഭരണങ്ങളും കവർന്ന സംഘം ഉടനടി രക്ഷപ്പെട്ടു. മറ്റു ജീവനക്കാരൻ എത്തിയപ്പോഴാണ് കവർച്ച പുറത്തറിഞ്ഞത്. കടയിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്താൻ പ്ലാസ്റ്റിക് കളിത്തോക്കാണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. രണ്ടാഴ്ചയിൽ മുൻപ് മോഷ്ടിക്കപ്പെട്ട വാഹനമാണ് രക്ഷപ്പെടാനായി ഉപയോഗിച്ചത്. വാഹനം തിരിച്ചറിയാതിരിക്കാൻ മുൻവശത്തും പിൻവശത്തുമായി വ്യത്യസ്ത നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചിരുന്നു.
ചോദ്യം ചെയ്യലിൽ, പ്രതികൾ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച ആഭരണങ്ങളും കവർച്ചക്ക് ഉപയോഗിച്ച കളിത്തോക്കും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.