നളിനാക്ഷൻ ഒളവറ
(ജോയിൻ്റ് കൺവീനർ
ബി.ഡി.കെ കുവൈത്ത്)
കേരളത്തിലും പ്രവാസലോകത്തും ലക്ഷക്കണക്കിന് ആളുകൾക്ക് ജീവന്റെ കാവലാളായി മാറിയ 'ബ്ലഡ് ഡോണേഴ്സ് കേരള' (ബി.ഡി.കെ) എന്ന സാമൂഹിക സംഘടനയുടെ സ്ഥാപകൻ വിനോദ് ഭാസ്കരന്റെ ഒന്നാം ചരമവാർഷികം ഇന്നാണ്. ലോകമെമ്പാടുമുള്ള സന്നദ്ധ രക്തദായകരെ ഒരൊറ്റ ശൃംഖലയിൽ കോർത്തിണക്കി, ഒരു ഫോൺ കോളിൽ ആവശ്യക്കാർക്ക് രക്തം ലഭ്യമാക്കുന്ന വിപ്ലവകരമായ കൂട്ടായ്മക്ക് അടിത്തറയിട്ടത് വിനോദ് ഭാസ്കരൻ എന്ന സാധാരണക്കാരനായ ഒരു ബസ് കണ്ടക്ടറുടെ ദീർഘവീക്ഷണമായിരുന്നു.
ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചെറിയ ഗ്രൂപ്പായി ആരംഭിച്ച്, പിന്നീട് ഒട്ടനവധി രാജ്യങ്ങളിലേക്ക് പടർന്നുപന്തലിച്ച മഹാപ്രസ്ഥാനമായി ബി.ഡി.കെ മാറിയതിന് പിന്നിൽ വിനോദിന്റെ അശ്രാന്തപരിശ്രമവും സമർപ്പണവുമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ രക്തം കിട്ടാതെ ആരും ബുദ്ധിമുട്ടരുത് എന്ന ലക്ഷ്യത്തോടെ അദ്ദേഹം കെട്ടിപ്പടുത്ത ഈ നെറ്റ്‌വർക്ക് ഇന്ന് പതിനായിരക്കണക്കിന് ജീവനുകളെയാണ് ഓരോ ദിവസവും സംരക്ഷിക്കുന്നത്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം ജൂലൈ 14 നാണ് വിനോദ് ഭാസ്കരൻ അന്തരിച്ചത്. വിനോദിന്റെ അകാല വിയോഗം സന്നദ്ധസേവന മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയത്.
‘ഒരു തുള്ളി ചോര കൊണ്ട് ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതിനേക്കാൾ വലിയ പുണ്യമില്ല’ വിനോദ് ഭാസ്കരൻ എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു. ഒരു അംഗീകാരവും ആഗ്രഹിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. എൻ്റെ മരണ ശേഷം ഒരാളുടേങ്കിലും കണ്ണുനീർ വീണു എങ്കിൽ അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം എന്ന് ഒരു വേദിയിൽ വെച്ച് അദ്ദേഹം പറഞ്ഞത് ഓർക്കുന്നു. ഒരാളുടെ അല്ല പതിനായിരങ്ങളുടെ കണ്ണീർ ഉതിർന്നു അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ.
വിനോദ് ഭാസ്കരന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കേരളത്തിലുടനീളവും പ്രവാസലോകത്തും വിപുലമായ രക്തദാന ക്യാമ്പുകളും അനുസ്മരണ യോഗങ്ങളുമാണ് ബി.ഡി.കെ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. അദ്ദേഹം കൊളുത്തിവെച്ച സേവനത്തിന്റെ വെളിച്ചം വരുംതലമുറകളിലേക്കും പകർന്നുനൽകുമെന്നും, 'രക്തദാനം ജീവദാനം' എന്ന സന്ദേശം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ബി.ഡി.കെ പ്രവർത്തകൻ എന്ന നിലയിൽ ആത്മവിശ്വാസത്തോടെ പറയുന്നു. പ്രീയപ്പെട്ട വിനോദ് ഭാസ്കരൻ്റെ ഓർമ്മയിൽ പ്രണാമം അർപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.