തുടർച്ചയായ ആക്രമണം പരമാധികാരത്തിന്റെ നഗ്നമായ ലംഘനം​; അപലപിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിനെതിരെ ഇറാനും ഇറാൻ പിന്തുണയുള്ള വിഭാഗങ്ങളും സായുധ സംഘങ്ങളും നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. കുവൈത്ത് ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള നിരവധി അതിർത്തി പോസ്റ്റുകൾക്കും കടലിലെ ഡ്രില്ലിംഗ് കിണറിനും നേരെ നടന്ന ആക്രമണങ്ങൾ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി. ഈ ആക്രമണങ്ങളിൽ ഒരാളുടെ പരിക്കിനും നാശനഷ്ടങ്ങൾക്കും കാരണമായിരുന്നു.

ഇറാനും അവരുടെ പ്രോക്സികളും നടത്തുന്ന തുടർച്ചയായ ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും കുവൈത്ത് പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു. അന്താരാഷ്ട്ര നിയമസാധുതക്കും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിനുമെതിരായ നഗ്നമായ വെല്ലുവിളിയാണിത്.

മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിർത്താൻ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന നിരുത്തരവാദപരമായ പ്രവൃത്തിയാണ് ആക്രമണങ്ങളെന്നും ചൂണ്ടികാട്ടി. അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭ ചാർട്ടറിനും അനുസൃതമായി, തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും എല്ലാ നടപടികളും സ്വീകരിക്കാനുള്ള കുവൈത്തിന്റെ അവകാശവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

കുവൈത്തിനുനേരെ ഇന്ന് രാവിലെയും ആക്രമണം നടന്നിരുന്നു. രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് കടന്നുകയറിയ ശത്രുതാപരമായ വസ്തുക്കളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നേരിട്ടതായി സൈന്യം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേട്ട സ്ഫോടനങ്ങൾ, ആകാശത്തുവെച്ച് ഇവയെ തടഞ്ഞതിനെത്തുടർന്നുണ്ടായതാണെന്നും ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഞായറാഴ്ച കുവൈത്തിന്റെ വടക്കൻ ഭാഗത്തുള്ള മൂന്ന് കര അതിർത്തി പോസ്റ്റുകൾക്ക് നേരെയും കുവൈത്ത് ഓയിൽ കമ്പനിയുടെ ഓഫ്‌ഷോർ ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.

Tags:    
News Summary - Continuous attacks a blatant violation of sovereignty: Kuwait condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.