കുവൈത്ത് സിറ്റി: റമദാൻ മാസത്തിന് രണ്ടുമാസത്തിൽ താഴെ മാത്രം അവശേഷിക്കെ മുന്നൊരുക്കങ്ങൾക്കായി ബന്ധപ്പെട്ട വകുപ്പുകൾ ചർച്ച ആരംഭിച്ചു. കോവിഡ് പ്രതിസന്ധി ഇൗ റമദാനിലും ആവർത്തിക്കുമെന്ന വിലയിരുത്തലുകൾക്കിടയിലാണ് അധികൃതർ പ്രാഥമിക ചർച്ചകൾ ആരംഭിച്ചത്.
കഴിഞ്ഞവർഷം പള്ളികൾ അടച്ചിടലും ലോക് ഡൗണും കർഫ്യൂവും എല്ലാമായി മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു റമദാൻ. സംഘടിത നമസ്കാരവും ഭജനയിരിക്കലും സമൂഹ നോമ്പുതുറയും മറ്റു പൊതുപരിപാടികളും കഴിഞ്ഞവർഷം ഉണ്ടായില്ല. കോവിഡ് പ്രതിരോധത്തിനായി പൊതു അവധിയുമായിരുന്നു. ഇപ്പോൾ പള്ളികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നു.
ഇഫ്താറുകൾക്കും പൊതുപരിപാടികൾക്കും അനുമതി നൽകാൻ സാധ്യതയില്ല. സംഘടിത നമസ്കാരത്തിനും ഭജനയിരിക്കലിനും അനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. അടുത്ത ആഴ്ചകളിലെ കോവിഡ് വ്യാപന തോത് അനുസരിച്ചാകും ഇക്കാര്യത്തിൽ തീരുമാനം. സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുകയാണ്. സംഘടനകൾ തയാറെടുപ്പുകൾ ആരംഭിച്ചിട്ടില്ല.
സർക്കാർ അനുമതിയും നിയന്ത്രണങ്ങളും സംബന്ധിച്ച് വ്യക്തത വന്നശേഷമേ സംഘടനകൾക്ക് കൂടുതൽ മുന്നോട്ട് പോകാനാവൂ. പൊതുപരിപാടികൾക്ക് അനുമതിയില്ലെങ്കിൽ സംഘടനകൾ ഒാൺലൈനായി ഉദ്ബോധന ക്ലാസുകൾ നടത്തും. മുൻ വർഷങ്ങളിൽ പള്ളികളിലെ നോമ്പുതുറ സൗകര്യം പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. കഴിഞ്ഞവർഷം പള്ളികൾ അടഞ്ഞുകിടന്നതിനാൽ ഇത് ഉണ്ടായില്ല.
സന്നദ്ധ സംഘടനകളുടെ ഭക്ഷണക്കിറ്റ് വിതരണം ആണ് ഒരു പരിധിവരെ ഇതിന് പകരം നിന്നത്. വിപണിയിൽ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും ഇല്ലാതിരിക്കാൻ വാണിജ്യ മന്ത്രാലയം പരിശോധനാ സംഘങ്ങൾ രൂപവത്കരിക്കും. റമദാൻ തുടക്കത്തിൽ മിത ശീതോഷ്ണമാണ് അനുഭവപ്പെടുകയെങ്കിലും അവസാനം ആവുേമ്പാഴേക്ക് ചൂട് കൂടിവന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.