ശൈഖ് ജാബിർ കൾചറൽ സെന്ററിൽ നടന്ന ഖുറൈൻ സാംസ്കാരികോത്സവത്തിന്റെ സമാപന പരിപാടിയിൽ നിന്ന്
കുവൈത്ത് സിറ്റി: നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് ആഭിമുഖ്യത്തിൽ നടത്തിയ 30ാമത് സാംസ്കാരികോത്സവം സമാപിച്ചു. കല, സംഗീതം, സാഹിത്യം, വൈജ്ഞാനികം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികൾ മേളയുടെ ഭാഗമായി നടന്നു. ‘നേതൃത്വത്തിന്റെയും നൽകലിന്റെയും 30 വർഷം’ പ്രമേയത്തിലാണ് ഇത്തവണ മേള സംഘടിപ്പിച്ചത്. സിമ്പോസിയം, സെമിനാറുകൾ, പ്രഭാഷണങ്ങൾ, കച്ചേരികൾ, ആർട്ട് എക്സിബിഷനുകൾ, സംവേദനാത്മക ഷോകൾ, സിനിമ, പൈതൃക മേള, പുസ്തക മേളകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള സംസ്കാരങ്ങളും കലകളും ഉൾക്കൊള്ളുന്ന 30 ഓളം പ്രവർത്തനങ്ങൾ വിവിധ വേദികളിലായി നടന്നു.
സൗദി ചിന്തകൻ ഡോ. അബ്ദുല്ല അൽ ഗദമിയെയാണ് ഇത്തവണ ഖുറൈൻ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ആദരിച്ചത്. മിശ്രിഫിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്, യർമൂക് കൾചറൽ സെന്റർ, ശൈഖ് ജാബിർ കൾച്ചറൽ സെന്റർ, കുവൈത്ത് നാഷനൽ മ്യൂസിയം, ബാബ്തൈൻ സെൻട്രൽ ലൈബ്രറി, കുവൈത്ത് നാഷനൽ ലൈബ്രറി തുടങ്ങി വിവിധ വേദികളിലായിരുന്നു പരിപാടികൾ. സമാപന പരിപാടി ശൈഖ് ജാബിർ കൾചറൽ സെന്ററിൽ നടന്നു. ഉദ്ഘാടന പരിപാടിയും അവിടെത്തന്നെയായിരുന്നു.
കുവൈത്തിന്റെ ഭൂതകാലവും പൈതൃകവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനമുണ്ടായി. നാഷനൽ കൗൺസിൽ ഫോർ കൾചർ ആർട്സ് ആൻഡ് ലെറ്റേഴ്സിന്റെ പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം, സാംസ്കാരിക രംഗത്തെ ഭാവി വെല്ലുവിളികൾ പ്രമേയത്തിൽ സിമ്പോസിയം തുടങ്ങിയവയും ശ്രദ്ധ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.