കുവൈത്ത്-ചൈന കരാറുകളുടെയും ധാരണപത്രങ്ങളുടെയും നടത്തിപ്പ് നിരീക്ഷിക്കുന്നതിനുള്ള മന്ത്രിതല സമിതിയുടെ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ്
അസ്സബാഹും അംഗങ്ങളും
കുവൈത്ത് സിറ്റി: പദ്ധതികളുടെ പൂർത്തീകരണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും ഉറപ്പാക്കുന്നതിനും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഏകീകൃത ശ്രമം അനിവാര്യമാണെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്.
കുവൈത്ത്-ചൈന കരാറുകളുടെയും ധാരണപത്രങ്ങളുടെയും നടത്തിപ്പ് നിരീക്ഷിക്കുന്നതിനുള്ള മന്ത്രിതല സമിതിയുടെ 18ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബയാൻ പാലസിൽ നടന്ന യോഗത്തിൽ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി.
മുബാറക് അൽ കബീർ തുറമുഖം, വൈദ്യുതി സംവിധാനങ്ങൾ, പുനരുപയോഗ ഊർജ വികസനം, കുറഞ്ഞ കാർബൺ ഹരിത മാലിന്യ പുനരുപയോഗം, ഭവന വികസനം, മലിനജല സംസ്കരണത്തിനുള്ള പാരിസ്ഥിതിക അടിസ്ഥാന സൗകര്യങ്ങൾ, സ്വതന്ത്ര സാമ്പത്തിക മേഖലകൾ എന്നിവയുൾപ്പെടെ കരാറിലെ പ്രധാന പദ്ധതികളുടെ നടത്തിപ്പിലെ പുരോഗതി യോഗം അവലോകനം ചെയ്തു. പദ്ധതികളുടെ നിർവഹണ പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കാനും തടസ്സങ്ങൾ തരണംചെയ്യുന്നതിന് പിന്തുണയും മേൽനോട്ടവും നൽകാനും പ്രധാനമന്ത്രി നിർദേശിച്ചു.
ചൈനയുമായുള്ള കരാറുകൾ സംബന്ധിച്ച് സ്വീകരിച്ച ഏറ്റവും പുതിയ നടപടികൾ ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റിയുടെ റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ജൗഹർ ഹയാത്ത് അവതരിപ്പിച്ചു. മരുഭൂമീകരണം ചെറുക്കുന്നതിൽ ചൈനീസ് പക്ഷവുമായുള്ള തുടർച്ചയായ ഏകോപനത്തെ ഹയാത്ത് എടുത്തുപറഞ്ഞു.
പരിസ്ഥിതി സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല ചൈനീസ് സർക്കാർ പ്രതിനിധി സംഘം ജൂലൈ പകുതിയോടെ രാജ്യം സന്ദർശിക്കുമെന്നും ചൂണ്ടിക്കാട്ടി. ആവാസവ്യവസ്ഥ പുനരധിവാസം, വനവത്കരണ പരിപാടികൾ, മണൽ കൈയേറ്റ നിയന്ത്രണം എന്നിവയിൽ സംയുക്ത പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സന്ദർശന ലക്ഷ്യം.
പ്രധാനമന്ത്രി ദിവാൻ അബ്ദുൽ അസീസ് അൽ ദഖീൽ, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, മുനിസിപ്പൽകാര്യ, ഭവനകാര്യ സഹമന്ത്രി അബ്ദുൽതിഫ് അൽ മെഷാരി, ധനകാര്യ, സാമ്പത്തികകാര്യ, നിക്ഷേപ സഹമന്ത്രി നൂറ അൽ ഫസ്സാം, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. സബീഹ് അൽ മുഖൈസീം, ഫത്വ, നിയമനിർമാണ വകുപ്പ് മേധാവി കൗൺസിലർ സലാഹ് അൽ മജീദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.