പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതിയോഗം
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സമഗ്ര വികസന പ്രക്രിയയിൽ വിവിധ പദ്ധതികളുടെ പ്രാധാന്യം സൂചിപ്പിച്ച് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് പയനിയറിങ് വികസന പദ്ധതികൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബയാൻ പാലസിൽ പ്രധാന വികസന പദ്ധതികൾ നിരീക്ഷിക്കുന്നതിനുള്ള മന്ത്രിതല സമിതിയുടെ 36ാമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.മുബാറക് അൽ കബീർ തുറമുഖ പദ്ധതിയുടെ നിർമാണ പാക്കേജുകൾ, സ്വീകരിച്ച നടപടിക്രമ നടപടികൾ, കരാർ രേഖകൾ തയാറാക്കൽ എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ യോഗത്തിൽ പൊതുമരാമത്ത് മന്ത്രാലയത്തിലെ പ്രതിനിധികൾ അവതരിപ്പിച്ചു. രാജ്യത്തിന്റെ ശുചിത്വ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന നോർത്ത് കാബ്ഡ് മലിനജല ശുദ്ധീകരണ പ്ലാന്റ് പദ്ധതി, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചും യോഗം വിലയിരുത്തി.
മുബാറക് അൽ കബീർ തുറമുഖം, വൈദ്യുതി സംവിധാന സഹകരണം, പുനരുപയോഗ ഊർജ വികസനം, കുറഞ്ഞ കാർബൺ ഹരിത മാലിന്യ പുനരുപയോഗ സംരംഭങ്ങൾ, ഭവനവികസനം, പരിസ്ഥിതി അടിസ്ഥാന സൗകര്യ പദ്ധതികൾ, മരുഭൂമീകരണത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ എന്നിവ അടക്കം പ്രധാന വികസന പദ്ധതികളിലെ പുരോഗതി റിപ്പോർട്ടുകൾ യോഗം അവലോകനം ചെയ്തതായി ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മന്ത്രിതല സമിതി അംഗവും റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ജവഹർ ഹയാത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.