കുവൈത്ത് സിറ്റി: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിന്റെ പിരിമുറുക്കത്തിനിടെ അടിയന്തര ഹോട്ട്ലൈൻ നമ്പറിലേക്ക് പ്രാങ്ക് കാൾ വിളിച്ച് കൗമാരക്കാരന്റെ തമാശ. എന്നാൽ ഇതു അധികൃതർ അത്ര തമാശയായി എടുത്തില്ല. വിഷയം ഗൗരവത്തിലെടുത്ത് പയ്യനെതിരെ നിയമനടപടി സ്വീകരിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് കർശന നടപടി നേരിടേണ്ടിവരുമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി.
സുഹൃത്തുക്കളെ രസിപ്പിക്കാൻ തമാശയായി അടിയന്തിര ഓപറേഷൻ നമ്പറിൽ വിളിച്ച് അധികൃതരെ കബളിപ്പിക്കുകയായിരുന്നു കൗമാരക്കാരൻ. ഇതിന്റെ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. തമാശക്ക് ചെയ്ത സംഭവം പക്ഷേ കാര്യമായി. നിർണായകമായ അടിയന്തര സേവനങ്ങളുടെ ദുരുപയോഗത്തിന് നിയമ നടപടി സ്വീകരിച്ചതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. ഇത്തരം നടപടികൾ നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അടിയന്തര സേവനങ്ങളുടെ ദുരുപയോഗം സുരക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി. അടിയന്തര ഹോട്ട്ലൈനുകൾ തമാശകൾക്കോ സോഷ്യൽ മീഡിയ ഉള്ളടക്കത്തിനോ ഉപയോഗിക്കരുത്. പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.