കുവൈത്ത് സിറ്റി: പാർലമെൻറ് കൈയേറ്റ കേസിലെ പകുതിയിലേറെ പ്രതികൾ ഇനിയും കീഴടങ്ങിയില്ല. ജനുവരി 28നകം എൻഫോഴ്സ്മെൻറ് വകുപ്പിൽ കീഴടങ്ങണമെന്നാണ് അപ്പീൽ കോടതി പ്രതികൾക്ക് അന്ത്യശാസനം നൽകിയിട്ടുള്ളത്. ഇനി ഏതാനും ദിവസങ്ങളേ ബാക്കിയുള്ളൂ. ആകെയുള്ള 66 പ്രതികളിൽ 30 പേർ മാത്രമേ കീഴടങ്ങിയിട്ടുള്ളൂ. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽഅൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രതികളായ രണ്ട് മുൻ എം.പിമാർ അടുത്ത ദിവസം കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. മുൻ എം.പി. മുസല്ലം അൽ ബർറാക് കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഫൈസൽ അൽ മുസ്ലിം, മുബാറക് അൽവഅ്ലാൻ എന്നിവരാണ് മുസല്ലം അൽ ബർറാകിന് പിന്നാലെ കീഴടങ്ങാനൊരുങ്ങുന്നത്. കേസിൽ സിറ്റിങ് എം.പിമാരായ ഡോ. വലീദ് അൽ തബ്തബാഇ, ഡോ. ജംആൻ അൽ ഹർബശ് എന്നിവർ സ്വയം കീഴടങ്ങി ഇപ്പോൾ ജയിലിൽ കഴിയുകയാണ്. അപ്പീൽ കോടതിവിധി വരുന്നതിന് മുമ്പുതന്നെ പാർലമെൻറ് കൈയേറ്റക്കേസിലെ 22 പ്രതികൾ രാജ്യത്തിന് പുറത്തേക്ക് കടന്നതായി സൂചനയുണ്ട്.
ഇതിൽ 18 പേർ ഇപ്പോഴും പുറത്താണ്. ഡോ. വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ്, മുഹമ്മദ് അൽ മുതൈർ എന്നീ എം.പിമാരും മുൻ എം.പി മുസല്ലം അൽ ബർറാകും ഉൾപ്പെടെ 66 പ്രതികൾക്കാണ് നേരേത്ത അപ്പീൽ കോടതി ശിക്ഷ വിധിച്ചത്. ഡോ. വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ് എന്നിവർക്ക് അഞ്ചുവർഷവും മുഹമ്മദ് അൽ മുതൈറിന് ഒരു വർഷവുമാണ് തടവുവിധിച്ചത്. മുസല്ലം അൽബർറാകിന് ഏഴ്വർഷം തടവ് വിധിച്ചിട്ടുണ്ട്. മറ്റു പ്രതികൾക്ക് ഒന്നുമുതൽ ഏഴുവർഷം വരെയാണ് തടവ്. ബലപ്രയോഗത്തിനും മറ്റുള്ളവരെ കലാപത്തിന് പ്രേരിപ്പിച്ചതിനും 28 പ്രതികൾക്ക് അഞ്ചുവർഷംവരെ കഠിന തടവും അക്രമപ്രവർത്തനത്തിലേർപ്പെട്ടതിന് 23 പേർക്ക് മൂന്നര വർഷം കഠിന തടവും വിധിച്ചു.
അഞ്ചുപേർക്ക് രണ്ടുവർഷവും 10 പ്രതികൾക്ക് ഒരുവർഷം വീതവും തടവ് ശിക്ഷ അനുഭവിക്കണം. രണ്ടുപേരെ വെറുതെ വിട്ടു. ഒരു പ്രതി ഇതിനകം മരിച്ചു. മൂന്ന് എം.പിമാരും എട്ട് മുൻ പാർലമെൻറ് അംഗങ്ങളുമുൾപ്പെടെ 70 സ്വദേശികളാണ് കേസിലെ പ്രതികൾ. 2011 നവംബർ16നാണ് പാർലമെൻറ് കൈയേറ്റമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.