സന്ദർശകരില്ലാത്ത കുവൈത്ത് മൃഗശാലയുടെ ഉൾവശം
കുവൈത്ത് സിറ്റി: കുവൈത്ത് മൃഗശാലയിൽ സന്ദർശകർക്ക് പ്രവേശനം വിലക്കിയിട്ട് ഒരു വർഷവും രണ്ട് മാസവുമാകുന്നു. കഴിഞ്ഞ വർഷം മാർച്ച് തുടക്കത്തിലാണ് കോവിഡ് പശ്ചാത്തലത്തിൽ മൃഗശാല അടച്ചത്.അതേസമയം, മൃഗശാലയിലെ ജീവികൾക്ക് അധികൃതർ ഭക്ഷണവും പരിചരണവും നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന രണ്ട് ആനകളിൽ ഒന്ന് െചരിഞ്ഞു. കൊമ്പൻ െചരിഞ്ഞതോടെ പിടിയാനക്ക് തുണയില്ലാതായി. പെറ്റുപെരുകി വിവിധ ജീവജാലങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
കുവൈത്തികൾ വിദേശത്തുനിന്ന് എത്തിച്ച് അനധികൃതമായി വീടുകളിൽ വളർത്തിയിരുന്ന വന്യജീവികളെ പിടിച്ചെടുത്ത് മൃഗശാലയിൽ എത്തിച്ചതും വർധനക്ക് കാരണമായി.ഒരു ആഫ്രിക്കൻ സിംഹം, വെള്ളക്കടുവ, ആഫ്രിക്കൻ കുരങ്ങ് എന്നിവ കഴിഞ്ഞ വർഷം പുതുതായി എത്തി. സന്ദർശകരില്ലാത്തതിനാൽ ജീവികൾക്കിപ്പോൾ ശാന്തജീവിതം. ജീവനക്കാർ കൃത്യമായി ഭക്ഷണം എത്തിക്കുന്നതിനാൽ വിശപ്പും മറ്റു ബുദ്ധിമുട്ടുകളുമില്ല. സന്ദർശകർ 'കുരങ്ങുകളിപ്പിച്ചിരുന്ന' കുരങ്ങന്മാർക്കാണ് ഏറ്റവും ആശ്വാസം.
ആരും അവരെ ശല്യപ്പെടുത്താനില്ല.അവരുടെ വികൃതികൾക്ക് തടസ്സങ്ങളുമില്ല. സന്ദർശകർ ഇല്ലാത്തത് ജീവികളെ ശാന്തരാക്കിയിട്ടുണ്ടെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.മൃഗശാല എന്ന് തുറക്കുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ അധികൃതർക്ക് കഴിയുന്നില്ല.ജീവികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.കോവിഡ് നിയന്ത്രണം അടിസ്ഥാനമാക്കി മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടതെന്ന് മൃഗശാല മേധാവി ഡോ. അബ്ദുറഹ്മാൻ അൽ കൻദരി പറഞ്ഞു.അടച്ചിട്ട കാലയളവ് അറ്റകുറ്റപ്പണികൾക്കും പുതിയ നിർമാണങ്ങൾക്കും ഉപയോഗപ്പെടുത്തി അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.