കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് അൽ സഊദ് കുവൈത്തിലെത്തി. ബയാൻ പാലസിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി അദ്ദേഹം ചർച്ച നടത്തി. സൗദി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകളും അഭിനന്ദനങ്ങളും അദ്ദേഹം കുവൈത്ത് അമീറിനെ അറിയിച്ചു. അമീറിനും കുവൈത്തിലെ ജനങ്ങൾക്കും ആരോഗ്യവും ക്ഷേമവും ആശംസിച്ചു.
സൗദി രാജാവിനും കിരീടാവകാശിക്കും അമീർ തിരിച്ചും ആശംസകളും ആരോഗ്യവും ക്ഷേമവും നേർന്നു. സൗദിയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്നും ആശംസിച്ചു.കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരുമായും സൗദി അറേബ്യ ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി.
അബ്ദുൽ അസീസ് ബിൻ സഊദ് അൽ സഊദിനെ വിമാനത്താവളത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് സ്വീകരിച്ചു. ഇരുരാജ്യങ്ങളിലും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിന് കുവൈത്ത്-സൗദി ആഭ്യന്തര മന്ത്രാലയങ്ങൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ഉന്നതതല ഏകോപനത്തെ അദ്ദേഹം പ്രശംസിച്ചു.സ്വീകരണ ചടങ്ങിൽ കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് അൽ സഊദ്, ആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി, മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.