കുവൈത്ത് സിറ്റി: കുവൈത്തിന്റെ തെക്ക് ഭാഗത്തുള്ള ബഹുനില താമസ കെട്ടിടങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന പ്രചാരണം തെറ്റ്. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഈ റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണ്, വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുളെ മാത്രം ആശ്രയിക്കണം. വ്യാജം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായതും കെട്ടിച്ചമച്ചതുമായ എല്ലാ വീഡിയോകളും സൈബർ ക്രൈം വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഫസ്റ്റ് ലെഫ്റ്റനന്റ് ധാരി അൽ അവാദി പറഞ്ഞു.
ഇത്തരം നടപടികൾ ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതും പൗരന്മാരിലും താമസക്കാരിലും ഭയം സൃഷ്ടിക്കുന്നതുമാണ്. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ, വിവരങ്ങൾ പോസ്റ്റുകൾ എന്നിവയിൽ വഞ്ചിതരാകരുത്.
രാജ്യത്തെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പാലിക്കണം. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സംയമനം പാലിക്കാനും വാർത്തകൾക്കായി ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകളെ മാത്രം ആശ്രയിക്കാനും ധാരി അൽ അവാദി ആഹ്വാനം ചെയ്തു.
പരിഭ്രാന്തി സൃഷ്ടിക്കുന്നതും കിംവദന്തികളോ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളോ പ്രചരിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും അക്കൗണ്ടുകളും ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ കുറ്റകൃത്യ വകുപ്പ് സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും ഡയറക്ടർ ജനറൽ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പുന:പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.