കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിച്ച എട്ടാമത് കണിയാപുരം രാമചന്ദ്രൻ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയിൽ ഷെമേജ്കുമാർ സംവിധാനം ചെയ്ത 'പ്രഷർ കുക്കർ' മികച്ച സിനിമക്കുള്ള ഗ്രാൻഡ് ജൂറി പുരസ്കാരം നേടി. കുടുംബം, രക്ഷാകർതൃത്വം, വിദ്യാഭ്യാസ സംവിധാനം എന്നിവയിലേക്ക് വെളിച്ചം വീശിയ ലളിതമായ ആഖ്യാനം ജൂറിയുടെ അംഗീകാരത്തിന് വഴിവെച്ചു. 2.43 AM എന്ന സിനിമയിലൂടെ രാജേഷ് കംബ്ല മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
ടി.കെ. ശരണ്യ ദേവി സംവിധാനം ചെയ്ത 'മബ്റൂക്', നിഷാദ് കാട്ടൂർ സംവിധാനം ചെയ്ത 'ആർതർ' എന്നിവ പ്രേക്ഷകരുടെ അംഗീകാരം നേടി. ബിയോണ്ട് ദ വാൾ എന്ന സിനിമയിലൂടെ പി.പി. ഷംനാസ് മികച്ച നടനായി. മബ്റൂക് എന്ന ചിത്രത്തിലെ പകർന്നാട്ടത്തിന് ധന്യ രതീശനും 'മായ ഇൗ മായ' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ജിപ്സ റോയിയും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. പ്രവാസി ഷോർട്ട് ഫിലിം അവാർഡ് സുറുമ (അനിൽ കിഴക്കേടത്ത്) നേടി.
മബ്റൂക് എന്ന ചിത്രത്തിന് തൂലിക ചലിപ്പിച്ച റഫീക് തായത്ത് ആണ് മികച്ച തിരക്കഥാകൃത്ത്. ആർതർ എന്ന ചിത്രത്തിലൂടെ ക്രിസ്റ്റഫർ ദാസ് മികച്ച ഛായാഗ്രഹകനായി. സാബു സൂര്യചിത്ര, നൗഷാദ് മംഗലത്തോപ്പ് എന്നിവർ എഡിറ്റിങ് പുരസ്കാരം നേടി. 2.43 എന്ന ചിത്രത്തിലൂടെ രതീഷ് സി.വി. അമ്മാസ് സൗണ്ട് ഡിസൈനർക്കുള്ള പുരസ്കാരത്തിന് അർഹനായി. ബാലതാരങ്ങൾക്കുള്ള പുരസ്കാരം ഷഹ്സാദ് നിയാസ് (ലോക്ക്), അവന്തിക അനൂപ് മങ്ങാട്ട് (പ്രഷർ കുക്കർ) എന്നിവർ സ്വന്തമാക്കി. ഷംനാസ് പി.പി. സംവിധാനം ചെയ്ത ബിയോണ്ട് ദ വാൾ പ്രത്യേക ജൂറി പരാമർശം നേടി. വിദ്യാർഥികളുടെ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സാന്ദ്ര ബാബു സംവിധാനം ചെയ്ത 'ലിറ്റിൽ ഡ്രീം', റിഷി പ്രസീദ് കരുൺ സംവിധാനം ചെയ്ത 'പടരാനൊരിടം' എന്നിവ പങ്കിട്ടു.
കേരള അസോസിയേഷൻ വെബ്സൈറ്റിലൂടെ ഓൺലൈൻ സ്ട്രീമിങ് നടത്തിയ ഫെസ്റ്റിവലിൽ മൂന്ന് ദിവസങ്ങളിലായി 25 ചിത്രങ്ങൾ പൊതുവിഭാഗത്തിലും നാല് ചിത്രങ്ങൾ സ്റ്റുഡൻസ് വിഭാഗത്തിലുമായി പ്രദർശിപ്പിച്ചു. പ്രശസ്ത സിനിമ സാങ്കേതിക പ്രവർത്തകൻ ടി. കൃഷ്ണനുണ്ണി, ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, സംവിധായിക ഡോ. ആശ ആച്ചി ജോസഫ് എന്നിവർ അംഗങ്ങളായ ജൂറി ആയ പാനൽ ആണ് വിധി നിർണയിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഒാൺലൈനായാണ് മേള നടത്തിയത്.
ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ശ്രീംലാൽ മുരളി അധ്യക്ഷത വഹിച്ചു. കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രവീൺ നന്തിലത്ത് സ്വാഗതവും മനോജ് കുമാർ ഉദയപുരം നന്ദിയും പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, മണിക്കുട്ടൻ എടക്കാട്, ഷാഹിൻ ചിറയിൻകീഴ്, ബേബി ഔസേപ്പ്, ജിജു ചാക്കോ, ഷാജി രഘുവരൻ, ഉബൈദ്, സാബു എം. പീറ്റർ, മഞ്ജു, ബീന സാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.