കുവൈത്ത് സിറ്റി: കുവൈത്തിൽ പരിഷ്കരിച്ച ഗതാഗത നിയമം ഏപ്രിൽ 22ന് പ്രാബല്യത്തിലാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിന് മുമ്പായി അധികൃതർ വിപുലമായി ബോധവത്കരണം നടത്തും. പത്രങ്ങളിലും ടെലിവിഷനിലും റേഡിയോയിലും പരസ്യം നൽകുന്നതിന് പുറമെ സമൂഹ മാധ്യമ പ്രചാരണം നടത്തുമെന്നും റോഡരികിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
റോഡ് സുരക്ഷ ശക്തമാക്കാനാണ് നിയമ ഭേദഗതി നടത്തിയതെന്നും മാറ്റങ്ങൾ ശ്രദ്ധിച്ചുമനസ്സിലാക്കണമെന്നും മന്ത്രാലയം രാജ്യനിവാസികളോട് അഭ്യർഥിച്ചു. വിവിധ ഭാഷകളിൽ പ്രചാരണ ലഘുലേഖ പ്രസിദ്ധീകരിക്കും. പുതിയ നിയമപ്രകാരം ലൈസൻസ് ലഭിച്ച് ആദ്യ വർഷത്തിനുള്ളിൽ രണ്ട് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും. സാധുവായ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്നു മാസം വരെ തടവും 150 മുതൽ 300 ദീനാർ വരെ പിഴയും ചുമത്തും.
വാഹനാപകട സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നവർക്ക് മൂന്നു മാസം തടവും 150 ദീനാർ പിഴയും ലഭിക്കും. അശ്രദ്ധമായ രീതിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ഒരു വർഷത്തിൽ കൂടുതൽ തടവും 3,000 ദീനാർ വരെ പിഴയും ലഭിക്കും. ബ്രേക്കില്ലാതെ വാഹനമോടിക്കുന്നതിന് രണ്ടു മാസം തടവും 200 ദീനാർ വരെ പിഴയും ചുമത്തും. നടപ്പാതകളിൽ വാഹനം ഓടിക്കുന്നതോ പാർക്ക് ചെയ്യുന്നതോ കണ്ടെത്തിയാൽ ഒരു മാസം തടവും 100 ദീനാർ വരെ പിഴയും ലഭിക്കും.
വാഹനം ഓടിക്കുമ്പോൾ ആവശ്യമായ ലൈറ്റുകൾ ഓണാക്കാത്തതിന് 45 മുതൽ 75 ദീനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. പൊലീസ്, ആംബുലൻസുകൾ, ഫയർ ട്രക്കുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ഔദ്യോഗിക വാഹനവ്യൂഹങ്ങൾ തുടങ്ങിയ സർക്കാർ വാഹനങ്ങൾക്ക് വഴിമാറാതിരിക്കുകയോ പിന്തുടരുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളിൽ അമിത ശബ്ദം ഉണ്ടാക്കുന്നതും വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വാഹനങ്ങൾ റോഡിൽ ഉപേക്ഷിക്കുന്നതും കുറ്റകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.