പുതിയ മന്ത്രിസഭ: എം.പിമാർക്ക് അതൃപ്തി, മാറ്റമുണ്ടാകുമെന്ന് സൂചന

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച 15 അംഗ മന്ത്രിസഭയിൽ തുടക്കത്തിലേ കല്ലുകടി. പുതിയ മന്ത്രിസഭയിൽ ചിലരെ ഉൾപ്പെടുത്തിയതിനെ ചില എം.പിമാർ വിമർശിക്കുകയും തിരുത്തൽ ആവശ്യപ്പെടുകയും ചെയ്തു. വൈദ്യുതി- ജലമന്ത്രിയായി നിര്‍ദേശിച്ച അമ്മാർ മുഹമ്മദ് അൽ അജ്മി ചുമതലയേല്‍ക്കില്ലെന്ന് അറിയിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച കാബിനറ്റിലെ ഏക അംഗമാണ് അദ്ദേഹം. ഭരണഘടനയെ മാനിക്കാത്ത മന്ത്രിമാർ നിലവിലുള്ള പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് എന്നാണ് അമ്മാർ മുഹമ്മദ് അൽ അജ്മിയുടെ ആരോപണം. അമ്മാർ മുഹമ്മദ് അൽ അജ്മിക്ക് പിന്തുണയുമായി നിരവധി എം.പിമാരും രംഗത്തെത്തി. ഇത് ചെറിയ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. കുവൈത്ത് ഭരണഘടന അനുസരിച്ച് മന്ത്രിസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു എം.പിയെയെങ്കിലും ഉൾപ്പെടുത്തണം. അമ്മാർ മുഹമ്മദ് അൽ അജ്മി വിഷയത്തിൽ ഉറച്ചുനിന്നാൽ പകരം ഒരു എം.പിയെ മന്ത്രിയായി നിശ്ചയിക്കേണ്ടിവരും. ഇതിനൊപ്പം മറ്റു ചിലരെയും മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ആവശ്യം കണക്കിലെടുത്ത് മന്ത്രിസഭയിൽ പ്രധാനമന്ത്രി മാറ്റങ്ങൾ വരുത്തുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ചിലരെ മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ചൊവ്വാഴ്ച ദേശീയ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. ഇതിനുമുമ്പ് മന്ത്രിമാരെ തീരുമാനിക്കേണ്ടതുണ്ട്. മന്ത്രിസഭയിൽ നിലനിർത്തിയ ആറ് പഴയ മന്ത്രിമാരിൽ ചിലരെ കേന്ദ്രീകരിച്ചാണ് എം.പിമാരുടെ പ്രധാന എതിർപ്പുകൾ. ഇതിൽ പലരും ഭരണഘടനയെ മാനിക്കുന്നില്ല എന്നാണ് പ്രധാന ആരോപണം. മന്ത്രിമാരെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പ് ഫലവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുതിർന്ന പ്രതിപക്ഷ എം.പി അഹ്മദ് അൽ സാദൂൻ കുറ്റപ്പെടുത്തി. കുവൈത്ത് ജനതയുടെ അഭിലാഷങ്ങളെയും തെരഞ്ഞെടുപ്പ് ഫലങ്ങളെയും മന്ത്രിസഭ പ്രതിഫലിപ്പിക്കുന്നില്ലെന്ന് എം.പി സൈഫി അൽ സൈഫി പറഞ്ഞു. മുൻ സർക്കാറുകളിൽനിന്ന് പ്രധാനമന്ത്രി പാഠം ഉൾക്കൊണ്ടിട്ടില്ലെന്നും ദേശീയ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിനുമുമ്പ് പട്ടിക തിരുത്തണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ഇഷ്ടം മാനിക്കണമെന്നും അഴിമതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കാത്തവരെ ഉൾപ്പെടുത്തണമെന്നും എം.പി ഷുഐബ് അൽ മുവൈസ്രി പറഞ്ഞു. നിയമസഭയും സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിനായി മന്ത്രിമാരുടെ രാജി പ്രധാനമന്ത്രി സ്വീകരിക്കണമെന്നും പുതിയ മന്ത്രിസഭ രൂപവത്കരിക്കണമെന്നും എം.പി ഹമദ് അൽ ഉബൈദ് ആവശ്യപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 50 അംഗ എം.പിമാരിൽ ഭൂരിപക്ഷവും മന്ത്രിസഭ ലൈനപ്പിനെതിരെ രംഗത്തുവന്നതായാണ് റിപ്പോർട്ട്. പുതിയ സഭയിൽ നിയമസഭ സ്പീക്കറാകുമെന്ന് സൂചനയുള്ള അഹ്മദ് അൽ സാദൂൻ ആവശ്യവുമായി ശക്തമായി രംഗത്തുണ്ട്.

Tags:    
News Summary - New cabinet: MPs unhappy, changes likely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.