കുവൈത്ത് സിറ്റി: ആറു മണിക്കൂറിൽ 25 ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി വിദ്യാർഥിനി. മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി മർവ മുസ്തഫയാണ് അംഗീകാരം നേടിയത്. തലശ്ശേരി ചൊക്ലി സ്വദേശി മുസ്തഫയുടെയും തൃശൂർ മാമ്പ്ര സ്വദേശി ഷെമിയുടെയും മകളാണ്. 15 മിനിറ്റിൽ താഴെ വീതം സമയമെടുത്ത് A4 പേപ്പറിൽ 25 സ്വാതന്ത്ര്യസമര നേതാക്കളെയാണ് പെൻസിൽകൊണ്ട് ഈ കൊച്ചു കലാകാരി വരച്ചത്.
ആറു മണിക്കൂറോളം സമയമെടുത്ത് വരച്ച 25 ചിത്രങ്ങളിൽ മഹാത്മ ഗാന്ധി, മൗലാന അബുൽ കലാം ആസാദ്, ഝാൻസി റാണി, താന്തിയ തോപ്പി, ലാലാ ലജ്പത് റായ്, ദാദാ ബായ് നവറോജി തുടങ്ങിയ നിരവധി മഹാരഥന്മാർ ഉൾപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള ചിത്രരചന കോഴ്സുകൾ പഠിക്കാതെയാണ് ഇൗ മിടുക്കിയുടെ നേട്ടം.
സ്കൂൾ തലത്തിലും മറ്റും മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള മർവ അറേബ്യൻ വേൾഡ് റെക്കോർഡിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും അംഗീകാരത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികൾ പങ്കെടുത്ത മത്സരത്തിലാണ് മലയാളിയായ മർവ വിജയം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.