അവന്യൂസ് മാളിലെ ബോധവത്കരണ കാമ്പയിൻ സ്റ്റാൾ
കുവൈത്ത് സിറ്റി: ദേശീയ ആരോഗ്യ സർവേയുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം അവന്യൂസ് മാളിൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.പൊതുജനങ്ങളുടെ ആരോഗ്യ നിലയും ആരോഗ്യ പ്രവണതകളും അളക്കുക, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വിലയിരുത്തുക, കൃത്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ആസൂത്രണത്തെ പിന്തുണക്കുക, രോഗ നിരീക്ഷണം വർധിപ്പിക്കുക, ആരോഗ്യ അപകട ഘടകങ്ങൾ വിശകലനം ചെയ്യുക എന്നിവയാണ് സർവേയുടെ ലക്ഷ്യങ്ങൾ.
സ്വദേശികളും പ്രവാസികളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള 8,000 കുടുംബങ്ങളിൽ നിന്നുള്ള 12,000 വ്യക്തികളെ റാൻഡം സർവേയിൽ ഉൾപ്പെടുത്തും. തെരഞ്ഞെടുത്ത വീടുകളിലേക്ക് സഹൽ ആപ്ലിക്കേഷൻ വഴി അറിയിപ്പ് അയച്ചതിന് ശേഷമായിരിക്കും പങ്കാളിത്തം ഉറപ്പാക്കുക. സർവേയുടെ സമയവും സ്ഥലവും തെരഞ്ഞെടുക്കാനുള്ള ഒപ്ഷനും ഉണ്ടാകും.
സർവേയിൽ വിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പാക്കുകയും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും ചെയ്യും. ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങളാണ് സർവേക്ക് നേതൃത്വം നൽകുക.രാജ്യത്തെ ആരോഗ്യ സംരക്ഷണ ഗുണനിലവാരം മെച്ചപ്പെടുത്തുക, ജീവിത നിലവാരം ഉയർത്തുക, നൂതന സേവനങ്ങൾ നൽകുന്നതിന് ആരോഗ്യ സംവിധാനങ്ങളെ പിന്തുണക്കുക എന്നിവയാണ് സർവേ വഴി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.