കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത്, കൈമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഒരു വർഷത്തിനിടെ പൊലീസ് പിടിയിലായത് 3,000 പേർ. പ്രതികളില്‍നിന്ന് 1,700 കിലോയോളം ഹാഷിഷ് പിടിച്ചെടുത്തതായും ലഹരി നിയന്ത്രണ വകുപ്പ് വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകളില്‍ വന്‍ വർധനയാണുള്ളത്. അറസ്റ്റിലായവരിൽ 1,500 കുവൈത്തികളും 800 ബിദൂനികളും 300 ഈജിപ്ഷ്യൻ പ്രവാസികളും 400 പേര് മറ്റ് രാജ്യക്കാരുമാണ്. മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം കഴിഞ്ഞ വര്‍ഷം മാത്രം 144 പേരുടെ ജീവന് നഷ്ടമായതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും സ്വദേശികളാണ്. മൊത്തം മയക്കുമരുന്ന് ഉപയോക്താക്കളില്‍ 92 ശതമാനവും പുരുഷന്മാരാണ്.
മയക്കുമരുന്ന് കൈവശം വെച്ചതിനെ തുടര്‍ന്ന് 860 ലേറെ വിദേശികളെ നാടുകടത്തിയതായും അധികൃതര്‍ പറഞ്ഞു. മയക്കുമരുന്ന് കേസുകളിൽ പിടിക്കുന്ന പ്രതികള്‍ക്ക് കഠിനശിക്ഷകളാണ് നല്‍കുന്നത്. അതേസമയം, രാജ്യത്ത് വ്യാപകമാകുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം നിരവധി തവണയാണ് രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയവും കസ്റ്റംസ് അധികൃതരും വിഫലമാക്കിയത്.
രാജ്യവ്യാപകമായി പരിശോധനകളും നടപടികളും നടന്നുവരുകയാണ്. ലഹരിമുക്ത ബോധവത്കരണ പരിപാടികളും സജീവമാണ്. വിദ്യാർഥികളിലടക്കം ലഹരി ഉപയോഗം വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ശക്തമായ നടപടികളാണ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.