വഴിവാണിഭക്കാരെ നാടുകടത്തുമെന്ന് മുനിസിപ്പാലിറ്റി

കുവൈത്ത് സിറ്റി: കുവൈത്തിൽ റമദാൻ കാലയളവിൽ വഴിവാണിഭത്തിൽ ഏർപ്പെടുന്ന വിദേശികൾ നാടുകടത്തപ്പെടുമെന്ന് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. തെരുവുകച്ചവടം തടയുന്നതിനായി പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

റമദാനിൽ വഴിവാണിഭം തടയുന്നതിനായി സംയോജിത പദ്ധതി ആവിഷ്കരിച്ചതായി ജഹ്‌റ ഗവർണറേറ്റിലെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് വർക്സ് വകുപ്പ് മേധാവി ഫഹദ് അൽ ഖരീഫ പറഞ്ഞു. ഇതിന്റെ ഭാഗമായി പൊതുമാർക്കറ്റുകൾ, മാളുകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ രാവിലെയും വൈകീട്ടും ബലദിയ ഇൻസ്പെക്ടർമാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയോഗിക്കും. നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായാണ് മുനിസിപ്പാലിറ്റി തെരുവുകച്ചവടക്കാരെ നേരിടുന്നത്. മുന്നറിയിപ്പ് നോട്ടീസ് നൽകൽ, വണ്ടിയും സാധനങ്ങളും പിടിച്ചെടുക്കൽ, ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കൽ, കേസ് രജിസ്റ്റർ ചെയ്യൽ എന്നിവയാണ് പൊതുനടപടിക്രമം. കേസിൽ ഉൾപ്പെടുന്ന വിദേശികൾക്ക് നാടുകടത്തൽ നടപടി നേരിടേണ്ടി വരും.

രാജ്യത്ത് വഴിവാണിഭം നിയന്ത്രിക്കുന്ന ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും സ്ത്രീകളെയും കുട്ടികളെയും ഇതിനായി ചൂഷണം ചെയ്യുന്നുണ്ടെന്നും ഫഹദ് അൽ ഖരീഫ കൂട്ടിച്ചേർത്തു.

Tags:    
News Summary - municipality says it will deport street vendors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.