കുവൈത്തിന് രണ്ടു ബില്യൺ ഡോളറിന്റെ കൗണ്ടർ ഡ്രോൺ സംവിധാനങ്ങൾ വിൽക്കാൻ യു.എസ് അനുമതി നൽകി

കുവൈത്ത് സിറ്റി: കുവൈത്തിന് 1.98 ബില്യൺ ഡോളറിന്റെ ഡ്രോൺ പ്രത്യാക്രമണ ആയുധങ്ങളും അനുബന്ധ പ്രതിരോധ സംവിധാനങ്ങളും വിൽക്കാൻ അംഗീകാരം നൽകിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു. കു​വൈത്തിന് നേരെ ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇത്.

നാറ്റോ ഇതര സഖ്യകക്ഷിയായി വിശേഷിപ്പിക്കപ്പെടുന്ന കുവൈത്തിന്റെ സുരക്ഷാ ശേഷി ഇത് വർധിപ്പിക്കും. മിഡിൽ ഈസ്റ്റിൽ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നും യു.എസ്.സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

ഇറാൻ-യു.എസ് സംഘർഷം വീണ്ടും ഉടലെടുത്തതോടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സുരക്ഷാ ആശങ്കകൾക്കും നൂതന കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യകതക്കും ഇടയിലാണ് പുതിയ യു.എസ്-കുവൈത്ത് പ്രതിരോധ സഹകരണം.

ഇറാൻ-യു.എസ് സംഘർഷം ആരംഭിച്ച ഫെബ്രുവരി 28 മുതൽ കുവൈത്ത് നിരന്തരം ആക്രമിക്കപ്പെടുന്നുണ്ട്. ഏപ്രിൽ എട്ടിന് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങൾ തുടർന്നു. ഇതിനകം 372 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 869 ഡ്രോണുകളും കുവൈത്ത് ലക്ഷ്യമിട്ട് എത്തിയതായി പ്രതിരോധ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 13 ഇന്ത്യക്കാരുൾപ്പെടെ 63 പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി. ഇന്നും പുലർച്ചെ ആക്രമണം ഉണ്ടായെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags:    
News Summary - The U.S. granted permission to sell counter-drone systems of two billion dollars to Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.