കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ആശുപത്രിയിൽ ദീർഘകാലമായി കഴിഞ്ഞിരുന്ന 50 ‘രോഗികൾ’ ആശുപത്രി വിട്ടു. ഇവരെ ഒഴിപ്പിക്കാൻ ആരോഗ്യമന്ത്രാലയം പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. തിരക്കു കാരണം വീർപ്പുമുട്ടുന്ന ആശുപത്രിയിൽനിന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടും വിട്ടുപോവാൻ തയാറാവാതെ നിൽക്കുകയായിരുന്നു ഏതാനും ‘രോഗികൾ’. ആശുപത്രി ഡയറക്ടർ ഡോ. നാദിയ അൽ ജുമാ അറിയിച്ചതാണിത്. 657 ബെഡുള്ള ആശുപത്രിയിൽ 502 എണ്ണത്തിലും നിലവിൽ ആളുണ്ട്. കാഷ്വാലിറ്റിയിൽ ദിവസവും 1400നും1500നും ഇടയിൽ ആളുകൾ എത്തുന്നു. ധാരാളം വിദേശികളും ഉൾപ്പെടും.
എന്നാൽ, ആരോഗ്യ സേവന ഫീസ് വർധന ഏർപ്പെടുത്തിയ ശേഷം വിദേശ സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഒ.പിയിൽ സന്ദർശിക്കുന്ന വിദേശികളുടെ എണ്ണത്തിലും 28 ശതമാനത്തിെൻറ കുറവുണ്ട്. 1982ൽ ആരംഭിച്ച മുബാറക് അൽ കബീർ ആശുപത്രിയിൽ കുവൈത്തിലെ മറ്റു ആശുപത്രികളിൽ ഇല്ലാത്ത സ്പെഷാലിറ്റി വകുപ്പുകളും കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുമുണ്ട്.
ആശുപത്രി തുടങ്ങുേമ്പാൾ സ്വദേശി ജനസംഖ്യ മൂന്നുലക്ഷം മാത്രമായിരുന്നു. എന്നാൽ, ഇത് മൂന്നുമടങ്ങ് വർധിച്ചിട്ടും അതിനനുസരിച്ച് ആശുപത്രി വികസിപ്പിക്കാനായിട്ടില്ല.
കുട്ടികളുടെ ഡയാലിസിസ്, ഇൻറർവെൻഷനൽ റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, കുട്ടികളുടെ ന്യൂറോളജി തുടങ്ങി വിരളമായ സ്പെഷാലിറ്റികളും ഉള്ളതിനാൽ കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടേക്ക് രോഗികളെത്തുന്നു. ഇപ്പോൾ ആശുപത്രി വിപുലീകരണത്തിന് പദ്ധതി തയാറാക്കിയിട്ടുണ്ട്. മൂന്നുഘട്ടമായി വികസിപ്പിക്കാനാണ് പദ്ധതിയെന്ന് ഡോ. നാദിയ അൽ ജുമാ പറഞ്ഞു. ആദ്യഘട്ടം ഒരുമാസത്തിനകം പൂർത്തിയാക്കും. വാർഡുകളുടെയും ബെഡുകളുടെയും എണ്ണം വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.