നാടുകടത്തിയാൽ പിന്നെ ‘നോ എൻട്രി’; കുവൈത്തിൽ അനധികൃത പ്രവേശനം തടയാൻ ആധുനിക സംവിധാനങ്ങൾ

കുവൈത്ത് സിറ്റി: നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിടിയിലായി രാജ്യത്തുനിന്ന് നാടുകടത്തിയാൽ തിരികെ പ്രവേശിക്കാനാകില്ല. ഇത്തരത്തിലുള്ളവർ വ്യാജരേഖകളിൽ രാജ്യത്ത് എത്തുന്നത് തടയാൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാടുകടത്തപ്പെട്ട അഞ്ഞൂറിലേറെ പ്രവാസികളുടെ അനധികൃത പ്രവേശനം കഴിഞ്ഞ വര്‍ഷം തടഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രവേശനം നിഷേധിച്ചവരില്‍ 120 പേർ സ്ത്രീകളാണ്. വ്യാജ പാസ്‌പോർട്ടിൽ മടങ്ങിവരാന്‍ ശ്രമിച്ചവരെയാണ് വിമാനത്താവളത്തില്‍ തടഞ്ഞത്. നാടുകടത്തപ്പെട്ട പ്രവാസികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ വിപുല സംവിധാനങ്ങൾ കുവൈത്ത് വ്യോമ-കര അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനല്‍ എവിഡന്‍സ് വിഭാഗത്തിൽ നാടുകടത്തിയവരുടെ വിരലടയാളങ്ങളും മറ്റു വിവരങ്ങളും ശേഖരിച്ചുവെക്കുന്നു. ഇത്തരക്കാർ വ്യാജ പാസ്‌പോർട്ടുകളിലും പേരുകളിലും രാജ്യത്ത് എത്തിയാൽ ഫിംഗർ പ്രിന്റിങ് ഉപകരണങ്ങൾ വഴി കണ്ടെത്താൻ കഴിയും.

2011ലാണ് വിമാനത്താവളത്തിൽ വിരലടയാള ഉപകരണങ്ങൾ സ്ഥാപിച്ചത്. രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ വിരലടയാളം എടുക്കുന്നതോടെ വ്യക്തിയുടെ പൂര്‍ണ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ തെളിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗം, അടിപിടി, മോഷണം, മദ്യനിർമാണം, വിസ കാലാവധി കഴിഞ്ഞവര്‍, കുവൈത്ത് നിയമങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങിയ വിവിധ നിയമലംഘനങ്ങളില്‍ പിടിക്കപ്പെട്ട പ്രവാസികളെയാണ് നാടുകടത്തുന്നത്. 

Tags:    
News Summary - Modern systems to prevent illegal entry into Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.