കുവൈത്ത് സിറ്റി: വിദേശ അധ്യാപകരെ കൊണ്ടുവരാൻ അനുവദിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവിസ് ബ്യൂറോയോട് അഭ്യർഥിച്ചു. സ്വദേശിവത്കരണ നയത്തിെൻറ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കോവിഡ് പശ്ചാത്തലത്തിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്കുമാണ് വിദ്യാഭ്യാസ മന്ത്രാലയത്തെ കുഴക്കുന്നത്. പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ അധ്യാപകരുടെ കുറവുള്ളതായാണ് റിപ്പോർട്ട്. എട്ട് സ്പെഷലൈസേഷനുകളിലാണ് അധ്യാപകരുടെ ഒഴിവുള്ളത്. നിലവില്‍ ഈ വിഭാഗങ്ങളില്‍ 61.8 ശതമാനം അധ്യാപകർ വിദേശികളും 38.2 ശതമാനം സ്വദേശികളുമാണ്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി എന്നിവയാണ് അധ്യാപകക്ഷാമം കൂടുതലുള്ള വിഷയങ്ങൾ. വിദേശികളുടെ പ്രവേശന വിലക്ക് ഏറെ ബാധിച്ചു. അവധിക്ക് നാട്ടിൽ പോയ നിരവധി അധ്യാപകർക്ക് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല.
സെപ്റ്റംബറിൽ കുവൈത്തിൽ സ്കൂൾ തുറന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കാനിരിക്കുകയാണ്. അതോടെ കൂടുതൽ അധ്യാപകരുടെ ആവശ്യം വരും. സ്വദേശികളിൽനിന്ന് വേണ്ടത്ര അധ്യാപകരെ ലഭിക്കുന്നില്ല. സർക്കാറിെൻറ സ്വദേശിവത്കരണ പദ്ധതികളിൽനിന്ന് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾക്ക് ഇളവ് നൽകിയത് യോഗ്യരായ ഉദ്യോഗാർഥികളെ വേണ്ടത്ര അളവിൽ കുവൈത്തികളിൽനിന്ന് ലഭിക്കാത്തതിനാലാണ്. ജോലിക്ക് കയറിയവർതന്നെ രാജിവെച്ച് പോകുന്ന സ്ഥിതിയുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ട് കൂടുതൽ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെൻറ് ആരംഭിക്കുകയോ രാജ്യത്തിനു പുറത്ത് കുടുങ്ങിയ അധ്യാപകർക്ക് തിരിച്ചുവരാൻ പ്രത്യേക സംവിധാനം ഒരുക്കുകയോ ചെയ്തില്ലെങ്കിൽ വലിയ പ്രതിസന്ധി ഉടലെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.