ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ അംബാസഡർ ഡോ. ആദർശ് സ്വൈക രാഷ്ട്രപതിയുടെ സന്ദേശം
വായിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇന്ത്യൻ എംബസിയിൽ രാവിലെ 7:30ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ചടങ്ങുകൾക്ക് തുടക്കമായി.
അംബാസഡർ ഡോ. ആദർശ് സ്വൈക ദേശീയപതാക ഉയർത്തി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. 2024 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സ്ട്രാറ്റജിക് പാർട്നർഷിപ്’ നിലയിലേക്ക് ഉയർത്തിയതായും ഏഴു സഹകരണ കരാറുകൾ ഒപ്പുവെച്ചതായും അംബാസഡര്‍ അറിയിച്ചു.
ആഗോള സമാധാനത്തിനും സ്ഥിരതക്കുമായി ഇന്ത്യ സജീവ പങ്കുവഹിക്കുന്നുവെന്നും കാലാവസ്ഥ വ്യതിയാനം, ഊർജ സുരക്ഷ, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ നേതൃത്വം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പ്രത്യേക പരിഗണനക്കായി കുവൈത്ത് ഭരണാധികാരികൾക്ക് നന്ദി അറിയിച്ചു. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എംബസി എപ്പോഴും സജ്ജമാണെന്നും കുവൈത്തിലെ നിയമങ്ങൾ പാലിക്കണമെന്ന് സ്ഥാനപതി ഉണർത്തി. കടുത്ത ചൂടിലും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ റസ്റ്റാറന്റുകളുടെ സഹകരണത്തോടെ പങ്കെടുത്തവർക്കായി എംബസി പരിസരത്ത് ഭക്ഷണവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.