കുവൈത്ത് സിറ്റി: രാജ്യത്ത് ഉച്ചസമയങ്ങളിൽ പുറംജോലികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. പരിശോധനാ സംഘങ്ങൾ തൊഴിലിടങ്ങളിൽ ഇതിനകം 356 തവണ നേരിട്ടുള്ള സന്ദർശനങ്ങൾ നടത്തുകയും 373 തൊഴിലാളികളുടെ സാഹചര്യം നിരീക്ഷിക്കുകയും ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.
ഉച്ചസമയ പുറംജോലികൾ സംബന്ധിച്ച് 25 പരാതികൾ ലഭിക്കുകയും നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി 67 നോട്ടീസുകൾ നൽകുകയും ചെയ്തു. ഈ പ്രമേയത്തിൽ നിന്നുള്ള ഇളവിനായി ആറ് അപേക്ഷകളും ലഭിച്ചു. ഉയർന്ന ചൂടും താപനിലയും കണക്കിലെടുത്ത് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ രാജ്യത്ത് രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെ പുറംജോലികൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് നടപടി.
നിർമ്മാണ സൈറ്റുകളിലും തുറസ്സായ സ്ഥലങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിലും, സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ഇതു വഴി കഴിഞ്ഞതായി വിജയിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.
നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം
ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്‌മെന്റ് ടീമിനെ 24936192 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കാം. നിയമലംഘനം കണ്ടെത്തുന്ന തൊഴിലുടമകൾ ഫയൽ മരവിപ്പിക്കൽ, പിഴ അടക്കമുള്ള നടപടികൾ എന്നിവ നേരിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.