അൽ അഖ്‌സ പള്ളിയുടെ പവിത്രത സംരക്ഷിക്കണം; ഇസ്രായേൽ അതിക്രമത്തിനെതിരെ കുവൈത്ത്
കുവൈത്ത് സിറ്റി: ഇസ്രായേൽ സേനയുടെ സംരക്ഷണത്തിൽ കുടിയേറ്റക്കാർ അൽ അഖ്സ പള്ളി അങ്കണത്തിൽ അതിക്രമിച്ച് കയറിയതിനെ ശക്തമായി അപലപിച്ച് കുവൈത്ത്. വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണത്തിലെ ഗുരുതരമായ ലംഘനവും മേഖലയിലെ സംഘർഷം വർധിപ്പിക്കുന്ന ഒന്നുമാണ് ഇതെന്ന് കുവൈത്ത് ചൂണ്ടികാട്ടി. ജറുസലമിന്റെയും പുണ്യസ്ഥലങ്ങളുടെയും നിയമപരവും ചരിത്രപരവുമായ നിലവിലെ അവസ്ഥ മാറ്റാനുള്ള എല്ലാ ശ്രമങ്ങളെയും പൂർണ്ണമായും തള്ളിക്കളയുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മുസ്‌ലിംകൾക്ക് മാത്രമായുള്ള ആരാധനാലയമെന്ന നിലയിൽ അൽ അഖ്‌സ പള്ളിയുടെ പവിത്രത സംരക്ഷിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് ആവശ്യപ്പെട്ടു. കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967 ജൂൺ നാല് അതിർത്തികൾ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്ക് ഉറച്ച പിന്തുണയും കുവൈത്ത് ആവർത്തിച്ചു.
ഫലസ്തീൻ റിപ്പോർട്ടുകൾ പ്രകാരം, ജൂത അവധിക്കാലത്തോടനുബന്ധിച്ച് അൽ അഖ്‌സ സമുച്ചയത്തിലേക്കുള്ള ജൂത-ഇസ്രായേലികളുടെ സന്ദർശനങ്ങൾ വർധിച്ചിട്ടുണ്ട്. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം നടപടികൾ മേഖലയിൽ അക്രമത്തിനും സംഘർഷം മൂർച്ഛിക്കുന്നതിനും ആക്കം കൂട്ടുകയും, സമാധാന സാധ്യതകളെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.