കുവൈത്ത് സിറ്റി: രാജ്യത്ത് 17,000 സ്വദേശികൾ തൊഴിലില്ലാത്തവരായുണ്ടെന്ന് റിപ്പോർട്ട്. സിവിൽ സർവിസ് കമീഷനിൽ തൊഴിലിനായി രജിസ്റ്റർ ചെയ്തവരുടെ പട്ടിക അടിസ്ഥാനമാക്കി അൽ അൻബ ദിനപത്രമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മേയിൽ 14,822 പേരുണ്ടായിരുന്ന സ്ഥാനത്താണിത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്വദേശി സ്ത്രീകളിലാണ് തൊഴിലില്ലായ്മ കൂടുതൽ. സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് സ്വദേശികളെ ജോലിക്കുവെക്കാൻ താൽപര്യമില്ല. കൂടുതൽ ഉൽപാദനക്ഷമതയുള്ള വിദേശികളെ താരതമ്യേന കുറഞ്ഞ ശമ്പളത്തിന് നിയമിക്കാനാണ് തൊഴിലുടമകൾക്ക് താൽപര്യം. സ്വദേശികളിൽ പരിചയസമ്പന്നർക്കാണ് ഡിമാൻഡ്.
സ്വദേശിവത്കരണ നീക്കങ്ങൾ ശക്തമായി തുടരുേമ്പാഴും രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ സ്വദേശികളുടെ തോത് കുറഞ്ഞുവരുന്നതിനെ ആശങ്കയോടെയാണ് അധികൃതർ കാണുന്നത്. രാജ്യത്ത് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ അഞ്ചുവർഷത്തെ കർമപദ്ധതി തയാറാക്കിയിട്ടുണ്ട്. സംരംഭക രംഗത്തേക്ക് ഇറങ്ങുന്നവർക്ക് എല്ലാ സഹായങ്ങളും ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, എല്ലാ പ്രോത്സാഹനവും നൽകിയിട്ടും പ്രതീക്ഷിച്ച പോലെ സ്വദേശി യുവാക്കൾ സംരംഭകരായി മാറുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ ജോലിക്കാണ് ഭൂരിഭാഗം സ്വദേശികളും താൽപര്യപ്പെടുന്നത്. പ്രതിവർഷം 30,000 സ്വദേശികൾ ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങുന്നു. ഇവർക്കെല്ലാം തൊഴിൽ നൽകാൻ സർക്കാറിന് കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മുൻകാലത്തെ പോലെ സർക്കാർ മേഖലയിൽ വ്യാപക നിയമനത്തിന് ബജറ്റ് കമ്മിയും വരുമാനക്കുറവും സർക്കാറിനെ അനുവദിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.