ഫിലിപ്പ് തോമസ്
കറ്റാനം
നന്മകളെ അംഗീകരിക്കാൻ മലയാളികൾക്ക് അല്പം പ്രയാസം ആണ്. കൊറോണ സമയത്തും വെള്ളപ്പൊക്ക സമയത്തൊക്കെയും പള്ളിയിലും മോസ്ക്കിലും അമ്പലങ്ങളിലുമൊക്കെ അന്തിയുറങ്ങുകയും അന്നം കഴിക്കുകയും ഉള്ളത് പങ്ക് വെക്കുകയും ചെയ്ത നാം വീണ്ടും മതത്തിന്റെ പേരിൽ കലഹിക്കാൻ തുടങ്ങിയതായി വാർത്തകൾ സാക്ഷി.
കാര്യങ്ങൾ ശരിയായാലും തെറ്റായാലും എന്തിനും ഏതിനും മതം ജാതി മാത്രം നോക്കി തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയിലേക്ക് ചിലരെങ്കിലും മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിന് പോലും മതം, ജാതി എന്നിവ നോക്കി സ്ഥാനർഥികളെ നിർത്തുന്നത് പതിവായി.
ഈ സവിശേഷ സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാല സമയത്തെ പാളയം ഇമാമിന്റെ വാക്കുകൾ കാലഘട്ടത്തിന്റെ ആവശ്യ ശബ്ദമായി തോന്നി. റംസാൻ നോമ്പ് എടുത്തിരിക്കുന്നവർ ആറ്റുകാൽ പൊങ്കാലക്ക് വരുന്നവർക്ക് നോമ്പ് തുറക്കാൻ വെച്ചിരിക്കുന്ന ആഹാരത്തിൽ നിന്നും കൊടുക്കണമെന്ന് പറയുന്നത് എത്രമാത്രം വലിയ പുണ്ണ്യമാണ്. ഇമാം മാത്രമല്ല, തിരുവനന്തപുരത്തെ മുസ്ലിം സഹോദരങ്ങൾ എല്ലാം ഇതുവഴി ധന്യരാകുന്നു.
ബൃഹദാരണ്യക ഉപനിഷത്തിൽ നിന്നുള്ള പ്രസിദ്ധമായ പ്രാർത്ഥനാമന്ത്രം ‘അസതോമാ സദ്‌ഗമയ തമസോമാ ജ്യോതിർഗമയ മൃത്യോർമാ അമൃതം ഗമയ’ എന്ന പൂർണ്ണരൂപം അസത്യത്തിൽ നിന്ന് സത്യത്തിലേക്കും (യാഥാർത്ഥ്യം)അജ്ഞതയിൽ (ഇരുട്ട്) നിന്ന് ജ്ഞാനത്തിലേക്കും (പ്രകാശം)മരണത്തിൽ നിന്ന് അമരത്വത്തിലേക്കും നയിക്കണമേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
എന്നാൽ ഇന്ന് നാം ഓരോരുത്തരും ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കും സത്യത്തിൽ നിന്നും അസത്യത്തിലേക്കും ജീവനിൽ നിന്നും മരണത്തിലേക്കും അനേകരെ തള്ളി വിടുന്നു. എല്ലാ മതങ്ങളിലും കുറേ മനുഷ്യർ തീവ്രവാദികൾ ആയിട്ടുണ്ട്. വളരെ കുറച്ചു പേർക്ക് വേണ്ടി നമ്മൾ ഭൂരിപക്ഷം പഴികേൾക്കേണ്ടി വരുന്നു.
ഒരു മതവും ഒരു മനുഷ്യനും ഇടർച്ച വരുത്താൻ പഠിപ്പിക്കുന്നില്ല. ഒരു മതവും മനുഷ്യനെ ഇല്ലായ്മ ചെയ്യാൻ പഠിപ്പിക്കുന്നില്ല. സ്നേഹമാണ് മതം. നമ്മുടെ ജീവിതം കൊണ്ടാണ് നമ്മൾ വിശ്വസിക്കുന്ന ഈശ്വരനെ മറ്റുള്ളവർക്ക് കാട്ടി കൊടുക്കേണ്ടത്.ഇതിനൊക്കെ ഒരറുതി വരണം. എന്റെ അടുത്ത് നിൽക്കുന്നവൻ ആരെന്ന് നാം കണക്കിടേണ്ട. പാളയം ഇമാം മാത്രമല്ല അനേകം മത പുരോഹിതന്മാർ സന്യാസിമാർ ഇമാമുമാർ ഒക്കെ നിക്ഷ്പക്ഷ നിലപാടുമായി നമുക്ക് ഒപ്പമുണ്ട്. അവരോടൊപ്പം നമുക്ക് കൈകോർക്കാം. നല്ലൊരു നാളേക്കായി നല്ലൊരു തലമുറക്കായ് നല്ലൊരു ഭൂമിയിക്കായ് തോളോട് തോൾ ചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.