ജോബി ബേബി (നഴ്‌സ്‌) 

ഇന്ന് ലോക നഴ്‌സസ് ദിനം; നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി, ജീവൻ പകരുന്ന സ്നേഹസ്പർശം

മേയ് 12 ലോക നഴ്‌സസ് ദിനമായി ആചരിക്കുമ്പോൾ, 2026ലെ പ്രമേയം ‘നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി: ശാക്തീകരിക്കപ്പെട്ട നഴ്സുമാർ ജീവൻ രക്ഷിക്കുന്നു’ എന്ന അതീവ പ്രസക്തിയാർന്ന സന്ദേശമാണ് ലോകത്തിന് നൽകുന്നത്. ആരോഗ്യസംരക്ഷണ രംഗത്തിന്റെ ഹൃദയമിടിപ്പാണ് നഴ്‌സുമാർ. രോഗിയുടെ കഷ്ടപ്പാടുകൾക്ക് ആശ്വാസമാകുന്ന കരുതലും, ജീവിതത്തിലേക്ക് പ്രതീക്ഷ പകരുന്ന സാന്നിധ്യവുമാണ് അവർ. ആധുനിക ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നഴ്‌സുമാരുടെ പങ്ക് ചികിത്സക്കപ്പുറമാണ്. രോഗികളെ ശാരീരികമായും മാനസികമായും കരുത്തുറ്റവരാക്കുന്നതിനൊപ്പം, കുടുംബാംഗങ്ങൾക്കും പിന്തുണ നൽകുന്നവർ നഴ്‌സുമാരാണ്.

എന്നാൽ, രോഗബാധകളുടെ വർധനവ് , ആരോഗ്യപ്രവർത്തകരുടെ കുറവ്, സംഘർഷങ്ങളും കാലാവസ്ഥാ മാറ്റവും, ജനസംഖ്യാവർധനവ്, പുതിയ രോഗങ്ങൾ തുടങ്ങിയവയെല്ലാം നഴ്‌സുമാരുടെ ജോലിയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഈ സാഹചര്യത്തിൽ നഴ്‌സുമാരെ ശക്തിപ്പെടുത്തുക എന്നത് ഒരു ആവശ്യകത മാത്രമല്ല മറിച്ച് മനുഷ്യജീവിതങ്ങളെ രക്ഷിക്കുന്ന പ്രധാന മാർഗവുമാണ്. പ്രവാസി നഴ്സുമാരുടെ സംഭാവന ഈ ചർച്ചയിൽ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും, ഇന്ത്യൻ നഴ്സുമാർ ആരോഗ്യരംഗത്തിന്റെ പ്രധാനസ്തംഭങ്ങളായി പ്രവർത്തിക്കുന്നു. സ്വന്തം കുടുംബങ്ങളിൽ നിന്ന് അകന്ന്, വ്യത്യസ്ത സംസ്കാരങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും അവർ നൽകുന്ന സേവനം അസാധാരണമാണ്. അവരുടെ സംഭാവന ആരോഗ്യ സേവനം നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും സമൂഹത്തിന്റെ ക്ഷേമത്തിനും വലിയ സംഭാവന നൽകുന്നു.

നഴ്‌സുമാർക്ക് ലഭിക്കേണ്ട അംഗീകാരവും, സുരക്ഷിതമായ ജോലിപരിസരവും, പ്രൊഫഷണൽ സ്വാതന്ത്ര്യവും ഈ ഘട്ടത്തിൽ പ്രസ്കതമാണ്. നഴ്സുമാർക്ക് കഴിവുകൾ പൂർണമായി പ്രയോഗിക്കാൻ അവസരം നൽകുമ്പോൾ ആരോഗ്യരംഗം കൂടുതൽ ഫലപ്രദമാകും. ഈ നഴ്‌സസ് ദിനത്തിൽ, നമുക്ക് ചെയ്യാനുള്ളത് ഒരേയൊരു കാര്യമാണ്. നഴ്‌സുമാരുടെ സേവനത്തെ ആദരിക്കുന്നതിനൊപ്പം അവരുടെ ശബ്ദം കേൾക്കുകയും അവരെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതും. ശക്തരായ നഴ്‌സുമാരാണ് ആരോഗ്യകരമായ ഭാവിയുടെ അടിത്തറ.

Tags:    
News Summary - Today is International Nurses Day; Our Nurses, Our Future, the Loving Touch that Gives Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.