കുവൈത്ത് സിറ്റി: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽ ഥാനിയുടെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി കുവൈത്ത്. നിര്യാണത്തിൽ അനുശോചനം അറിയിച്ചു അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സന്ദേശം അയച്ചു.
അന്തരിച്ച മുൻ അമീറിന് കരുണക്കായി പ്രാർത്ഥിക്കുന്നതായും, അമീർ ശൈഖ് തമീമിനും, ഭരണകുടുംബത്തിനും, ഖത്തർ ജനതക്കും, തന്റെയും കുവൈത്ത് ഗവൺമെന്റിന്റെയും ജനങ്ങളുടെയും പേരിൽ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും അമീർ വ്യക്തമാക്കി. ജീവിതം രാജ്യസേവനത്തിനും അറബ്-ഇസ്‌ലാമിക വിഷയങ്ങളെ പിന്തുണക്കുന്നതിനുമായി സമർപ്പിക്കുകയും, വിവേകത്തിന് പേരുകേൾക്കുകയും ചെയ്ത ഒരു വിശിഷ്ട നേതാവിനെ ഖത്തറിനും ഗൾഫ് കുടുംബത്തിനും അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങൾക്കും ലോകത്തിനും നഷ്ടമായെന്ന് അമീർ പറഞ്ഞു.
അന്തരിച്ച പിതാവ് അമീറുമായുള്ള തന്റെ അടുത്ത സഹോദരബന്ധം കുവൈത്ത് അമീർ അനുസ്മരിച്ചു. ഇറാഖ് അധിനിവേശകാലത്ത് ഖത്തറിന്റെ പിന്തുണ കുവൈത്ത് എപ്പോഴും അഭിമാനത്തോടെ ഓർക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിതാവ് അമീറിന്റെ നേതൃത്വത്തിൽ ഖത്തറിന്റെ ശ്രദ്ധേയമായ വികസനത്തെ അമീർ പ്രശംസിച്ചു. സർവ്വശക്തനായ അല്ലാഹു അദ്ദേഹത്തിന് നിത്യ കാരുണ്യം നൽകുകയും ഖത്തറിന്റെ നേതൃത്വത്തിനും, കുടുംബത്തിനും, ജനങ്ങൾക്കും ക്ഷമയും ആശ്വാസവും നൽകുകയും ചെയ്യട്ടെ എന്നും അമീർ പ്രാർത്ഥിച്ചു.
മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സന്ദേശം അയച്ചു.
തന്റെ ജനങ്ങളെ സേവിക്കുന്നതിനും അറബ്-ഇസ്‌ലാമിക വിഷയങ്ങളെ പിന്തുണക്കുന്നതിനുമായി ജീവിതം സമർപ്പിച്ച മഹാനായ നേതാവിനെയാണ് അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങൾക്ക് നഷ്ടമായതെന്ന് കിരീടാവകാശി പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അനുശോചന സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.