ഇസ്രായേൽ കുടിയേറ്റ മേഖലകളിലെ ഉൽപന്നങ്ങളുടെ നിയന്ത്രണം; സ്വാഗതം ചെയ്ത് കുവൈത്ത്
കുവൈത്ത് സിറ്റി: അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ നിയമവിരുദ്ധമായ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിലെ ഉൽപ്പന്നങ്ങളുടെ വ്യാപാരം നിയന്ത്രിക്കാനുള്ള വിവിധ രാജ്യങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്തു കുവൈത്ത്.
കാനഡ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ഐസ്‌ലാൻഡ്, അയർലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, യു.കെ എന്നിവ പ്രഖ്യാപിച്ച സംയുക്ത നടപടികളെ കുവൈത്ത് പിന്തുണച്ചു. ദ്വിരാഷ്ട്ര പരിഹാരം, സ്വതന്ത്ര്യ ഫലസ്തീൻ എന്നിവയെ പിന്തുണക്കുന്നതിനായുള്ള അന്താരാഷ്ട്ര മുന്നേറ്റത്തിന് കരുത്തേകുന്നതാണെന്ന് ഈ നടപടികളെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാനമായ നടപടികൾ സ്വീകരിക്കാൻ മറ്റ് രാജ്യങ്ങളോടും കുവൈത്ത് ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര നിയമത്തെയും ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയത്തെയും ലംഘിക്കുന്ന ഇസ്രായേലിന്റെ കുടിയേറ്റ നയങ്ങളെ ചെറുക്കുന്നതിൽ ഈ വ്യാപാര നിയന്ത്രണങ്ങൾക്കുള്ള പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഫലസ്തീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങൾക്ക് ഉറച്ച പിന്തുണ വ്യക്തമാക്കിയ കുവൈത്ത്,
ഫലസ്തീൻ ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർക്കാനോ, ഗസ്സയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ഫലസ്തീൻ പൗരന്മാരെ ബലമായി കുടിയൊഴിപ്പിക്കാനോ ഉള്ള ഏത് ശ്രമത്തെയും ശക്തമായി എതിർക്കുന്നതായും ആവർത്തിച്ചു. 1967 ജൂൺ നാലിലെ അതിർത്തികളിൽ കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രത്തിന്റെ അനിവാര്യതയും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.