ഗ്ലോബൽ വാട്ടർ ഓർഗനൈസേഷനിൽ കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ.സുബൈഹ്
അൽ മുഖൈസീം ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: സൗദിയുടെ നേതൃത്വത്തിൽ പുതുതായി രൂപവത്കരിച്ച ഗ്ലോബൽ വാട്ടർ ഓർഗനൈസേഷനിൽ (ജി.ഡബ്ല്യു.ഒ) സ്ഥാപക അംഗമായി കുവൈത്തും. റിയാദിൽ നടന്ന ചടങ്ങിൽ ജി.ഡബ്ല്യു.ഒയിൽ ചേരുന്നതിനുള്ള ചാർട്ടറിൽ കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ.സുബൈഹ് അൽ മുഖൈസീം ഒപ്പുവെച്ചു. പാകിസ്താൻ, സെനഗൽ, മൗറിത്താനിയ, ഖത്തർ, സ്പെയിൻ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ഒപ്പുവെച്ചു.
ചടങ്ങ് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ഉദ്ഘാടനം ചെയ്തു. ആഗോള ജല സംഘടനയോടുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ അദ്ദേഹം വ്യക്തമാക്കി. സുസ്ഥിര ജല മാനേജ്മെന്റ് പരിഹാരങ്ങളിൽ സഹകരിക്കാൻ അദ്ദേഹം ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളോടും സ്വകാര്യ മേഖലയോടും അഭ്യർഥിച്ചു.
ആഗോള ജലപ്രശ്നങ്ങൾ നേരിടുന്നതിനും ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പൊതുകൂട്ടായ്മ എന്ന നിലക്കാണ് ജി.ഡബ്ല്യു.ഒക്ക് രൂപം നൽകിയത്. ജല വെല്ലുവിളികളെ നേരിടുന്നതിനുള്ള രാജ്യങ്ങളുടെയും സംഘടനകളുടെയും ശ്രമങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.ജലവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിനും പരമ്പരാഗത ജല മാനേജ്മെന്റ് സമീപനങ്ങളെ പരിവർത്തനം ചെയ്യുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ജി.ഡബ്ല്യു.ഒ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.